തിരുവനന്തപുരം : ഗവർണർ ഭരണഘടനാ ചുമതല നിർവഹിക്കാത്തതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് വ്യക്തമാക്കി മന്ത്രി പി രാജീവ്. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. അതിനാൽത്തന്നെ ഗവറണർ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കണം. ഒപ്പിടാന്‍ പറ്റില്ലെങ്കില്‍ ബില്‍ തിരിച്ചയയ്ക്കണം. ഗവർണറുടെ പ്രവർത്തനം ജനാധിപത്യ വിരുദ്ധമായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കമല്ല ഇതെന്നും നിയമസഭയും ഗവര്‍ണറും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള കാര്യമാണെന്നും പി രാജീവ് പറഞ്ഞു. ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ല.
നിയമസഭ പ്രവർത്തിക്കുന്നത് ഭരണഘടന പ്രകാരമാണ്. അത് പാലിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. ഫെഡറലിസം സംരക്ഷിക്കാൻ പരമാവധി കാത്തുനിന്ന ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ചുമതലകൾ നിർവഹിക്കുന്നതിൽ ഗവർണർ വീഴ്ച വരുത്തിയെന്നും ബില്ലുകൾ ഒപ്പിടാൻ നിർദ്ദേശിക്കണമെന്നും ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ പറയുന്നു.