തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും പൊതുജനാരോഗ്യബില്ലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍. കഴിഞ്ഞ മാര്‍ച്ചിലാണ് നിയമസഭ ബില്ല് പാസാക്കിയത്. ബില്ലില്‍ സര്‍ക്കാരില്‍നിന്ന് വിശദീകരണം ലഭിച്ചില്ലെന്ന കാരണത്താല്‍ ഗവര്‍ണര്‍ എടുത്ത നടപടി ആരോഗ്യവകുപ്പിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തിരിച്ചടിയായത്. 2013 ല്‍ രാജ്യത്തെ തന്നെ ഡെങ്കിപ്പനിയുടെ തലസ്ഥാനമായിരുന്നു തിരുവനന്തപുരം. 2013 ജനുവരി മുതല്‍ മേയ് വരെ 19 പേര്‍ ഡെങ്കിബാധിച്ച് മരിച്ചുവെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഒൗദ്യോഗിക കണക്കും. ആ സാഹചര്യത്തിലാണ് തിരുകൊച്ചി പൊതുജനാരോഗ്യനിയമം കര്‍ശനമാക്കി സേഫ് തിരുവനന്തപുരം പദ്ധതി നടപ്പിലാക്കിയത്.
ഉറവിട കൊതുകുനശീകരണത്തിനായി ആദ്യം ബോധവല്‍കരണം, പിന്നെ കാരണംകാണിക്കല്‍ നോട്ടീസ്, എന്നിട്ടും അനുസരിച്ചില്ലെങ്കില്‍ പതിനായിരം രൂപ വരെ പിഴ. ദിവസങ്ങള്‍ക്കുള്ളില്‍ ഡെങ്കിപ്പനിയടക്കം കൊതുകുജന്യരോഗങ്ങള്‍ നിയന്ത്രിക്കാനായി. തൊട്ടടുത്ത വര്‍ഷം സംസ്ഥാനത്തൊട്ടുക്കും സേഫ് കേരള എന്ന പേരിലാണ് പകര്‍ച്ചവ്യാധി പ്രതിരോധം നടപ്പിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ പടരുന്ന പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ബോധവത്കരണത്തിന് മാത്രമേ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുള്ളൂ. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭ പാസാക്കിയ പൊതുജനാരോഗ്യബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ തയാറാകാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മാണം സംസ്ഥാനസര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ആക്ടിലും, 1939ലെ മദ്രാസ് ഹോസ്പിറ്റല്‍ ആക്ടിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയുള്ള ഏകീകൃത നിയമമാണ് 2023ലെ കേരള പൊതുജനാരോഗ്യനിയമം. മാര്‍ച്ചില്‍ നിയമസഭ ഈ ബില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചു. എന്നാല്‍ ബില്ലില്‍ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഹോമിയോ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഗവര്‍ണറെ സമീപിച്ചതോടെ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു. മൂന്ന് മാസത്തിനിപ്പുറം സംസ്ഥാനം പനികിടക്കയില്‍ ആയിട്ടും ഇതൊന്നും അറിയാത്ത മട്ടില്‍ ഗവര്‍ണര്‍ കടുംപിടുത്തം തുടരുകയാണ്.