തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ റദ്ദായ സാഹചര്യത്തില്‍ ഇനി ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് തുടരുമോയെന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഗവര്‍ണറുമായി തുറന്ന പോരിനില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോഴും ഗവര്‍ണറുടെ അധികാരങ്ങള്‍ കവരുന്ന ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാറിന്‍റെ പരിഗണനയിലുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ എന്നനിലയില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ കവരുന്ന രീതിയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിതനാക്കിയത്.
ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വ്യക്തത വരുത്തിയാല്‍ മാത്രമേ ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ വഴങ്ങൂവെന്നാണ് വിവരം.സര്‍ക്കാറും ഗവര്‍ണറുമായുള്ള തര്‍ക്കം പുതിയ സംഭവമല്ല. അപ്പോഴെല്ലാം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങുകയായിരുന്നു. എന്നാല്‍, സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്ന ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ പ്രധാനപ്പെട്ട 11 എണ്ണമാണ് ഗവര്‍ണറുടെ നടപടിയിലൂടെ റദ്ദായത്. ഇത് സര്‍ക്കാറിന് കനത്തതിരിച്ചടിയാണ്. എന്നാല്‍, തല്‍ക്കാലം ഗവര്‍ണറുമായി ഏറ്റുമുട്ടലിലേക്ക് പോകേണ്ടെന്നാണ് സി.പി.എം നിലപാട്.
മുഖ്യമന്ത്രിയുടെ നിലപാടാകും ഇതില്‍ നിര്‍ണായകം. വ്യാഴാഴ്ച രാത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം മുഖ്യമന്ത്രി അദ്ദേഹത്തെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമോയെന്നാണ് കാണേണ്ടത്.അതല്ലെങ്കില്‍ കുറച്ച് കൂടി കാത്തിരുന്ന് നിയമസഭ സമ്മേളനം വിളിച്ച് ബില്ലാക്കി പാസാക്കണം. ഇക്കാര്യങ്ങളിലെല്ലാം പിണറായി വിജയന്‍റെ നിലപാടാണ് നിര്‍ണായകം.