തിരുവനന്തപുരം : ഗവര്‍ണറുടേത് ഗൂഢമായ രാഷ്ടീയലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള നിലപാടുകളാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയിലെ മൂല്യബോധങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കില്‍ അത് കേരളീയ സമൂഹം ചെറുക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഗവര്‍ണറുടെ നടപടി കേരളത്തിലെ വിദ്യാഭ്യാസമൂല്യങ്ങളെ തകര്‍ക്കാന്‍ ആര്‍എസ്എസുമായി ചേര്‍ന്നു നടത്തുന്ന ശ്രമമാണെന്ന് മന്ത്രി ആര്‍. ബിന്ദു. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും മികവു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. അത് കേന്ദ്രസര്‍ക്കാര്‍ പല മാനദണ്ഡങ്ങളിലൂടെയും അംഗീകരിച്ചതുമാണ്. അങ്ങനെയുള്ള സംസ്ഥാനത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് ഗവര്‍ണറുടേത്. മദ്യവും ലോട്ടറിയുമാണ് കേരളത്തിന്‍റെ വരുമാന മാര്‍ഗം എന്ന പ്രസ്താവന അഖിലേന്ത്യാ തലത്തില്‍ കേരളത്തെ അപമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് കേരളത്തിന്‍റെ പരിശ്രമം. കേരളത്തിന്‍റെ നേട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അദ്ദേഹം. സര്‍വകലാശാല ചാന്‍സലറുടെ ഉത്തരവാദിത്വം അദ്ദേഹം മറന്നു പോകുന്നു. അദ്ദേഹത്തിന്‍റെ പദവിയോടുള്ള ആദരവ് വെച്ചുപുലര്‍ത്തിയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ പല പ്രസ്താവനകളും അമിതാധികാര പ്രയോഗങ്ങളാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഗവര്‍ണറുടെ പക്ഷം ചേരുന്നത് ജനാതിപത്യത്തിനെതിരായ പ്രവണതയാണെന്നും മന്ത്രി പ്രതികരിച്ചു.