തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെതിരെ കൂടുതല്‍ നടപടി. ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന പദവിയുടെ അടിസ്ഥാനത്തിലായിരുന്നു അരുണ്‍ ബാലചന്ദ്രനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഐടി ഫെല്ലോ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി ഉപദേഷ്ടാവുമായ എം ശിവശങ്കരനുമായുളള പരിചയമാണ് അരുണ്‍ ബാലചന്ദ്രനെ സംസ്ഥാന ഐ ടി വകുപ്പില്‍ എത്തിക്കുന്നത്. ഐടി മേഖലയില്‍ വിദേശ നിക്ഷേപം എത്തിക്കുക എന്നായിരുന്നു അരുണിന്‍റെ ചുമതല. 2017 സെപ്റ്റംബര്‍ മുതല്‍ 2019 ജൂലൈ വരെ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.