ഡല്‍ഹി: ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദീപാവലിയോട് അനുബന്ധിച്ച് പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് മൂന്നു മുതല്‍ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ സെക്യൂരിറ്റീസ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
ഇന്ധനവിലയിലുള്ള എക്‌സൈസ് തീരുവ അല്ലെങ്കില്‍ വാറ്റില്‍ കുറവ് വരുത്തുകയായിരിക്കും ചെയ്യുക. നിലവില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല. അതുകൊണ്ടു തന്നെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളോടു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞമാസം അവസാനമാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചത്.