തിരുവനന്തപുരം : ഊട്ടി കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സിഡിഎസ് മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം മരണമടഞ്ഞ മലയാളി സൈനികന്‍ തൃശൂര്‍ സ്വദേശിയായ പ്രദീപിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായവും ഭാര്യ ശ്രീലക്ഷ്മിക്ക് ജോലിയും അച്ഛന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ടിവി രാജേഷ് കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സിഡിഎസ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ മരണപ്പെട്ടത്. അതിലൊരാളായിരുന്നു പ്രദീപ്.
അവധികഴിഞ്ഞ് ജോലി സ്ഥലത്ത് എത്തി നാല് ദിവസത്തിന് ശേഷമാണ് പ്രദീപ് മരണപ്പെടുന്നത്. വ്യോമസേനയുടെ എംഐ 07 വി 5 എന്ന വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. നാട്ടിലെത്തിയത് മകന്റെ ജന്മദിനവും അച്ഛന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കുമായിട്ടായിരുന്നു. താന്‍ ബിപിന്‍ റാവത്തിനോപ്പം യാത്ര ചെയ്യാന്‍ പോകുന്നുവെന്നായിരുന്നു പ്രദീപ് അവസാനം വീട്ടിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് പ്രദീപിന്റെ കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ ആ യാത്ര ഒരു ദുഖ വാര്‍ത്തയാകുമെന്ന് ആരും കരുതിയതുമില്ല.
2018ലെ പ്രളയത്തില്‍ കേരളത്തിന് കൈതാങ്ങുമായി പ്രദീപുമെത്തിയിരുന്നു. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ സദാ മുന്നോട്ട് വരികയായിരുന്നു അദ്ദേഹം. രോഗിയായ അച്ഛന്‍ രാധാകൃഷ്ണനെ മകന്റെ മരണ വിവരം അറിയിച്ചത് സംസ്‌ക്കാര ദിവസമായിരുന്നു. തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ ശനിയാഴ്ച സൈനിക ബഹുമതികളോടെ പ്രദീപിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം. അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, ദക്ഷിണ്‍ ദേവ്‌സ, ദേവ പ്രയാഗ് എന്നിവരാണ് മക്കള്‍.
ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗും അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അദ്ദേഹം മരണപ്പെട്ടത്. ഇതോടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ബംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലായിരുന്നു ഡോക്ടര്‍മാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളെയും വിഫലമാക്കികൊണ്ടാണ് അദ്ദേഹം മരണപ്പെട്ടത്. അപകടത്തില്‍ വരുണ്‍ സിംഗിന്റെ കൈകള്‍ക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റിരുന്നത്.