തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേസിൽ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശത്തിന് തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നൽകിയത്. ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും.പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അടിയന്തരമായ തുടര്‍ നടപടി ഉണ്ടാകും. തുടരന്വേഷണം വേണോ പുനരന്വേഷണം വേണോ എന്ന കാര്യത്തിൽ നിയമപരമായ സാധ്യതകൾ കൂടി കണക്കിലെടുക്കും. നേരത്തേ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം തന്നെ തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്തും. പുതിയ മൊഴി സതീശന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇക്കാര്യം കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിക്കും.
കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രേൂപീകരിക്കുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടു കൂടി മാത്രമേ തുടരന്വേഷണവുമായി മുന്നോട്ടു പോകാനാകൂ.