പത്തനംതിട്ട : അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. കേന്ദ്രത്തിലെ തുഴച്ചിൽക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു സന്ദർശനം. അടവിയിൽ തങ്ങൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ തൊഴിലാളികൾ വ്യക്തമാക്കി. വനസംരക്ഷണ സമിതിയുടെ കീഴിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. കരാർ തൊഴിലാളികളായതിനാൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ ഒന്നുംതന്നെ ലഭിക്കുന്നില്ല.
തുഴച്ചിൽക്കാരായ ജീവനക്കാർക്ക് രണ്ടുവർഷം മുമ്പ് നൽകിയ യൂണിഫോം പോലും ഇതുവരെ മാറ്റി നൽകിയിട്ടില്ല. ദിനംപ്രതി വരുമാനത്തിൽ നിരവധി ടൂറിസ്റ്റുകൾ എത്തുന്ന ഇവിടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടും ഏതുസമയവും പിരിച്ചുവിടാവുന്ന അവസ്ഥയിൽ യാതൊരു പരിരക്ഷയും ഇല്ലാതെയാണ് തൊഴിലെടുക്കുന്നതെന്നും ജീവനക്കാർ പറഞ്ഞു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാമെന്നും വിഷയം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും അദ്ദേഹം ഉറപ്പ് നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഓർഗനൈസർ ഷേയ്ഖ് നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ കമ്മിറ്റിയംഗം സുധീർ കോന്നി, കോന്നി മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ, കമ്മിറ്റിയംഗം ഷിഹാബ് എന്നിവരും സംബന്ധിച്ചു.