തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കണമെന്ന് സർക്കാർ നിർദേശം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താൻ അനുവദിക്കില്ല. പൊതു നിരത്തുകളിൽ മാലിന്യം കത്തിക്കരുതെന്നും സർക്കാർ നിർദേശം നൽകി. ഖരമാലിന്യ നിർമാർജ്ജനത്തിനു ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതി തയാറാക്കണം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശിക്ഷാ നടപടി ഭയന്നാണ് സർക്കാർ കർശന നടപടിയിലേക്ക് കടന്നത്.
ഖരമാലിന്യ നിർമ്മാർജ്ജനത്തിന് കേന്ദ്ര സർക്കാരിന്റെ 2016 ലെ വ്യവസ്ഥകൾ സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വ്യവസ്ഥകൾ നടപ്പാക്കാതിരുന്നാൽ ബന്ധപ്പെട്ടവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ സാധ്യതയുള്ളതിനാലാണ് സംസ്ഥാന സർക്കാർ കർശന നടപടിയിലേക്ക് കടന്നത്.
കാലപ്പഴക്കമുള്ള മാലിന്യകൂമ്പാരങ്ങളിൽ ബയോമൈനിംഗ് നടത്തണം. കെട്ടിട നിർമാണത്തിന്റേയും പൊളിക്കലിന്റേയും ഭാഗമായി വരുന്ന മാലിന്യങ്ങളിൽ നിന്ന് 20 ശതമാനം വരെ സാധനങ്ങൾ നിർമ്മാണങ്ങൾക്ക് ഉപയോഗിക്കണമെന്നും സർക്കാർ നിർദേശിച്ചു.