ഇന്ത്യയിലെ ഐഫോൺ ഉപയോഗിക്കുന്ന ആളുകൾ ഉടൻ തന്നെ ഒഎസ് അപ്ഡേറ്റ് ചെയ്യേണമെന്ന് കേന്ദ്രസർക്കാർ. ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാക്കർമാർക്ക് ഐഫോൺ അടക്കമുള്ള ആപ്പിൾ ഡിവൈസുകളുടെ പൂർണ്ണമായ നിയന്ത്രണം ലഭിക്കാവുന്ന വിധത്തിലുള്ള സുരക്ഷാ പ്രശ്നമാണ് ഉള്ളത്.
ഐഫോൺ 6എസ്, ഐഫോൺ 7 സീരീസ്, ഐഫോൺ 8 സീരീസ്, ഐഫോൺ എസ്ഇ ഫസ്റ്റ്-ജെൻ എന്നിവയുൾപ്പെടെയുള്ള പഴയ മോഡലുകളെയാണ് ഈ സുരക്ഷാപ്രശ്നം ബാധിച്ചിരിക്കുന്നത് എന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സിഇആർടി-ഇൻ അറിയിച്ചു. ഐപാഡ് എയർ, പ്രോ, മിനി എന്നിവയുൾപ്പെടെയുള്ള ഐപാഡ് ഡിവൈസുകളും സുരക്ഷാ പ്രശ്നം നേരിടുന്നുണ്ട്. ഐപാഡ്ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഇപ്പോൾ ആപ്പിൾ നിർദേശിച്ചിരിക്കുന്നത്.
എങ്ങനെ അപ്ഡേറ്റ് ചെയ്യാം
നിങ്ങളുടെ ഐഫോൺ അപ്ഡേറ്റ് ചെയ്യാനായി സെറ്റിങ്സിൽ കയറി ജനറൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, ഇതിൽ സോഫ്റ്റ്വയർ അപ്ഡേറ്റ് എന്ന ഓപ്ഷൻ കാണാം. ഐപാഡ് ഉപയോക്താക്കൾക്കും ഇതേ രീതിയിൽ ഒഎസ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. കേർണലിലെ ഇൻപുട്ട് വാലിഡേഷൻ പിഴവുകളും വെബ്കിറ്റിലെ തെറ്റായ സ്റ്റേറ്റ് മാനേജ്മെന്റുമാണ് സുരക്ഷാ പിഴവുകളായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ചൂണ്ടിക്കാണിക്കുന്നത്. ആപ്പിൾ ഐ ഒഎസ്, ഐപാഡ്ഒഎസ് എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സിഇആർടി-ഇൻ വ്യക്തമാക്കി.
ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും കാതലായ ഭാഗമാണ് കേർണൽ, വെബ്കിറ്റ് എന്നത് ആപ്പിൾ സഫാരി ബ്രൌസറിന് പിന്നിലെ പ്രധാന സാങ്കേതികവിദ്യയാണ്. ഈ പ്രശ്നങ്ങൾ മുതലെടുത്തുകൊണ്ട് ഹാക്കർമാർക്ക് നിങ്ങളുടെ ഐഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ പോലും കഴിയുമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വ്യക്തമാക്കുന്നു. ഐഫോണുകൾക്കായി ആപ്പിൾ പുതിയ ഐഒഎസ് അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ തുടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് സർക്കാരിന്റെ മുന്നറിയിപ്പ് വരുന്നത്. ഐഫോൺ 6എസ് (എല്ലാ മോഡലുകളും), ഐഫോൺ 7 (എല്ലാ മോഡലുകളും), ഐഫോൺ എസ്ഇ (1st ജനറേഷൻ), ഐപാഡ് എയർ 2, ഐപാഡ് പ്രോ, മിനി (4th ജനറേഷൻ), ഐപോഡ് ടച്ച് (7th ജനറേഷൻ) എന്നിവയ്‌ക്കായി ഐഒഎസ് 15.7.7, ഐപോഡ് ഒഎസ് 15.7.7 അപ്‌ഡേറ്റുകൾ ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. ഐഫഓൺ 8നും അതിനുശേഷമുള്ളതുമായ ഡിവൈസുകൾക്കായി ഐഒഎസ് 16.5.1, ഐപാഡ് ഒഎസ് 16.5.1 അപ്‌ഡേറ്റുകൾ ലഭ്യമാണ്. ഐപാഡ് പ്രോ (എല്ലാ മോഡലുകളും), ഐപാഡ് എയർ 3rd ജനറേഷനും അതിന് ശേഷം പുറത്തിറങ്ങിയതുമായ മോഡലുകൾക്കും അപ്ഡേറ്റ് ലഭ്യമാണ്.
ഐഒഎസ് കേർണൽ പ്രശ്‌നത്തെക്കുറിച്ചുള്ള വിവരങ്ങൾ സപ്പോർട്ട് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ആപ്പിന് കേർണൽ പ്രിവിലേജസിൽ ആർബ്രിട്ടറി കോഡ് എക്സിക്യൂട്ട് ചെയ്യാൻ സാധിക്കും. ഐഒഎസ് 15.7ന് മുമ്പ് പുറത്തിറക്കിയ ഐഒഎസ് പതിപ്പുകളിലാണ് ഈ പ്രശ്നം സജീവമായിട്ടുള്ളത്. ഇക്കാര്യം ആപ്പിളിനും അറിയാം. വെബ്‌കിറ്റ് പ്രശ്‌നത്തെക്കുറിച്ചും സപ്പോർട്ട് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. ഐഒഎസ് 15.7ന് മുമ്പ് പുറത്തിറക്കിയ ഐഒഎസ് പതിപ്പുകളിൽ തന്നെയാണ് ഈ ഈ പ്രശ്നവും ഉള്ളത്.