റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ എല്ലാ മേഖലയുടെയും സമഗ്ര വികസനത്തിനായി 27.99 കോടി രൂപയുടെ വരവും 27.68 കോടി രൂപയുടെ ചിലവും 30,68,980 ലക്ഷം രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. കര്‍ഷകര്‍ക്ക് ജൈവവളം നല്‍കുന്നതിന് പതിനഞ്ച് ലക്ഷം രൂപയും ജനസേചന പടുതാകുളത്തിന് ഒരു ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിക്കായി ഏഴ് ലക്ഷം രൂപയും കന്നുകാലികള്‍ക്കുള്ള ധാതു ലവണത്തിനായി രണ്ടര ലക്ഷം രൂപയും കറവ പശു വിതരണത്തിനായി നാലര ലക്ഷം രൂപയും മൃഗാശുപത്രികള്‍ക്കു മരുന്നു വാങ്ങുന്നതിന് നാലു ലക്ഷം രൂപയും നീക്കി വെച്ചു.
തരിശ് ഭൂമികള്‍ റബ്ബര്‍ തോട്ടം മാതൃകയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനും കാലാവസ്ഥ വ്യതിയാനം തടയുവാനും ഫലവൃക്ഷ തോട്ടങ്ങള്‍ പിടിപ്പിക്കുന്നതിന് ടോക്കണായി രണ്ട് ലക്ഷം രൂപയും മണ്ണ് പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയും മുറ്റത്ത് ഒരു മീന്‍ തോട്ടത്തിന് നാല്‍പതിനായിരം രൂപയും അലങ്കാരം മത്സ്യകൃഷിക്ക് അന്‍പതിനായിരം രൂപയും നീക്കി വെച്ചിട്ടുണ്ട്. ദുരന്തനിവാരണ കാലാവസ്ഥാ വ്യതിയാന പദ്ധതികളുടെ ഭാഗമായി അംഗണവാടികളിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ മാറ്റി ഹീറ്റ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിനായി 10 ലക്ഷം രൂപയും അങ്കണവാടി പോഷകാഹാരത്തിന് 10 ലക്ഷം രൂപയും ദുരന്തനിവാരണ കാലാവസ്ഥ വ്യതിയാനം ഡി.പി.ആര്‍ പരിഷ്‌കരണത്തിനായി അമ്പതിനായിരം രൂപയും വകയിരുത്തി.
വനിത ക്ഷേമത്തിന് കമ്മ്യുണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് 1,70,000 രൂപയും വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും കരാട്ടെ പരിശീലനം നല്‍കുന്നതിനായി ഒരു ലക്ഷം രൂപയും മട്ടുപ്പാവ് കൃഷിക്കായി ചട്ടികള്‍ നല്‍കുന്നതിന് ആറര ലക്ഷം രൂപയും കുടുംബശ്രീ അംഗങ്ങള്‍ക്ക് മുട്ടക്കോഴി വിതരണത്തിനായ് മൂന്നര ലക്ഷം രൂപയും ഹൈബ്രിഡ് പച്ചക്കറികള്‍ നല്‍കുന്നതിന് രണ്ട് ലക്ഷം രൂപയും നീക്കിവെച്ചു. ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പായി 10 ലക്ഷം രൂപയും സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയും കലാകായിക മേള നടത്തുന്നതിന് 45,000 രൂപയും പാലിയേറ്റീവ് കെയറിനായി 12 ലക്ഷം രൂപയും വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയും വകയിരുത്തി.
കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പുകള്‍ക്കായി ഒരു ലക്ഷം രൂപയും സ്ത്രീകളിലും പെണ്‍കുട്ടികളിലും അനീമിയ കണ്ടെത്തുന്നതിന് രണ്ട് ലക്ഷം രൂപയും ആയുര്‍വേദ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിന് നാലു ലക്ഷം രൂപയും ഹോമിയോ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിന് ഒന്നര ലക്ഷം രൂപയും നീക്കിവെച്ചു. അങ്കണവാടി കുട്ടികളുടെ കലാകായിക മേള നടത്തുന്നതിന് 15,000 രൂപയും ബജറ്റ് തുകയുടെ 20 ശതമാനം ലൈഫ് പദ്ധതിയ്ക്കായും മാറ്റി വെച്ചു. ഭവന പുനരുദ്ധാരണത്തിനായി 37.5 ലക്ഷം രൂപയും അതി ദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാനിന് ഒരു ലക്ഷം രൂപയും നീക്കി വെച്ചു. മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്താന്‍ ക്യാമറ സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപയും 15 സെന്റിന് താഴെ ഉള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ബയോ ബിന്നുകള്‍ സ്ഥാപിക്കുന്നതിന് 13 ലക്ഷം രൂപയും ബെയിലിംഗ് മെഷീന്‍ വാങ്ങുന്നതിന് ഏഴ് ലക്ഷം രൂപയും കുടിവെള്ളസംരക്ഷണത്തിന്റെ ഭാഗമായി കിണറുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് എട്ട് ലക്ഷം രൂപയും എംസിഎഫ് നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് ഏഴ് ലക്ഷം രൂപയും വകയിരുത്തി.
ടൂറിസം മേഖലയില്‍ 27 ലക്ഷം രൂപയും കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കായി 15 ലക്ഷം രൂപയും ലൈബ്രറി പുനരുദ്ധാരണത്തിന് എട്ട് ലക്ഷം രൂപയും ഗ്രാമീണ കുടുംബ കേന്ദ്രം നവീകരിക്കുന്നതിന് 10 ലക്ഷം രൂപയും നീക്കി വെച്ചു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിനായി 80 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ്പ്, പഠനോപകരണങ്ങള്‍, പട്ടികജാതി കര്‍ഷകര്‍ക്ക് ജൈവവളം, വനിതകള്‍ക്ക് മുട്ടക്കോഴി, എന്നിവ നല്‍കുന്നതിനും ഭവന നിര്‍മാണത്തിന് 43 ലക്ഷം രൂപയും നീക്കിവെച്ചു. വെച്ചൂച്ചിറയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചൂള്ള വകയിരുത്തലുകളാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.