റാന്നി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ 2 പോളിങ് സ്റ്റേഷൻ വീതം ക്രമീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് റ്റി കെ ജയിംസ് ആവശ്യപ്പെട്ടു. നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആയിരം വോട്ടർമാരിൽ കൂടുതൽ ഉള്ള വാർഡുകളിൽ 2 പോളിങ് സ്റ്റേഷൻ വീതം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷണർക്ക് റ്റി കെ ജയിംസ് കത്തയച്ചു. ഗ്രാമ പഞ്ചായത്തിൽ ഒരു വോട്ടർക്ക് ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ ക്രമത്തിൽ 3 വോട്ടുകൾ വീതമാണ് ചെയ്യേണ്ടത്. പോളിങ് സ്റ്റേഷനിൽ വോട്ടർ പട്ടികയിൽ പേര് കണ്ടെത്തി വോട്ടർ തന്നെയാണെന്ന് ഉറപ്പു വരുത്തി രജിസ്റ്ററിൽ പേരെഴുതി ഒപ്പ് വെയ്പ്പിച്ച് വോട്ട് ചെയ്തു എന്ന് തിരിച്ചറിയുന്ന മഷിയും പുരട്ടി 3 വോട്ടിങ്ങ് പെട്ടികളിൽ വോട്ട് ചെയ്ത് ഇറങ്ങുമ്പോഴേക്കും കുറഞ്ഞത് 3മുതൽ 4 മിനിറ്റ് എങ്കിലും എടുക്കും.
ഈ തരത്തിൽ 80% പേർ വോട്ട് ചെയ്യാൻ എത്തിയാൽ തന്നെ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടതായി വരും. ഇത് മുതിര്‍ന്ന പൗരൻമാർ, രോഗികൾ, ഭിന്നശേഷിക്കാർ, കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർ എന്നിവർക്ക് ഏറ്റവും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ഗ്രാമ പ്രദേശങ്ങളിൽ വീട്ടമ്മമാർ, കർഷകതൊഴിലാളികൾ, ക്ഷീര കര്‍ഷകർ അവരുടെ ജോലി സമയങ്ങൾ ക്രമീകരിച്ചാണ് വോട്ടിനായി എത്തുന്നത്. ഇതെല്ലാം വരുമ്പോൾ വലിയ ക്യൂ സൃഷ്ടിക്കപ്പെടുകയും പോളിങ് ശതമാനം കുറയുന്നതിന് കാരണമാകും. ഇത് ജനാധിപത്യത്തിന് വലിയ കോട്ടവും സംഭവിക്കും. അതിനാൽ 1000 വോട്ടർമാരിൽ കൂടുതൽ ഉള്ള എല്ലാ വാർഡുകളിലും 2 പോളിങ് സ്റ്റേഷൻ വീതം ക്രമീകരിച്ച് വോട്ടർമാർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണറോട് റ്റി കെ ജയിംസ് ആവശ്യപ്പെട്ട് കത്തയച്ചു.