പള്ളിക്കൽ : കാലപ്പഴക്കംച്ചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ ഉപകേന്ദ്രം മാറ്റി പ്രവർത്തിക്കാത്തതിൽ പ്രതിഷേധവുമായി ഗ്രാമപ്പഞ്ചായത്തംഗങ്ങൾ. യുഡിഎഫ് ജനപ്രതിനിധികൾ പള്ളിക്കൽ പിഎച്ച്സിയിൽ കുത്തിയിരിപ്പുസമരം നടത്തി. പഞ്ചായത്തംഗങ്ങളായ മുണ്ടപ്പള്ളി സുഭാഷ്, ജി.പ്രമോദ്,റോസമ്മ സെബാസ്റ്റ്യൻ, ദിവ്യ അനീഷ്, രഞ്ജിനി കൃഷ്ണകുമാർ എന്നിവരാണ് സമരം നടത്തിയത്. പെരിങ്ങനാട് മലമുകൾ കുടുംബാരോഗ്യ ഉപകേന്ദ്രമാണ് കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായത്. നിലവിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ ഉപകേന്ദ്രം സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റാൻ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചിരുന്നു.
അടുത്തിടെ എൻജിനിയറിങ് വിഭാഗം കെട്ടിടം പരിശോധിച്ചു. അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകി. എന്നാൽ കേന്ദ്രത്തിന്റെ പ്രവർത്തനം മാറ്റാൻ തയ്യാറാകാതെ തടസ്സം നിൽക്കുകയായിരുന്നു ആരോഗ്യവകുപ്പ്. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തംഗങ്ങൾ പിഎച്ച്സിയിൽ എത്തിയത്. ഉപകേന്ദ്രം പ്രവർത്തനം ഉടൻ മാറ്റാമെന്ന് മെഡിക്കൽ ഓഫീസറിൽനിന്ന് രേഖാമൂലം ഉറപ്പുലഭിച്ചതായി പഞ്ചായത്തംഗം ദിവ്യാ അനീഷ് പറഞ്ഞു.