തൃശ്ശൂര്‍ : താന്ന്യം കിഴിപ്പുള്ളിക്കര വായനശാലക്ക് സമീപം താമസിക്കുന്ന അംബിക (55), ചെറുമകൻ ആദിഷ് ദേവ് (7) എന്നിവരാണ് മരിച്ചത്. ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയേയും മുത്തശ്ശിയേയും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് അംബികയുടെ മകനായ മണികണ്ഠന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കിണറ്റിൽ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. നാട്ടികയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും പിന്നീട് തിരച്ചിലിനൊടുവിൽ അംബികയുടെ മൃതദേഹവും കണ്ടെത്തി.
അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പം താമസിച്ചുവരികയായിരുന്നു ആദിഷ്. കിഴുപ്പിള്ളിക്കര എസ്.എസ്.എ.എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. അമ്മൂമ്മക്ക് കലശലായ അസുഖം മൂലം കുട്ടിയെ നോക്കാൻ കഴിയാത്തതാണ് മരണകാരണമെന്ന് ആത്മഹത്യാകുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.