പത്തനംതിട്ട : റമ്ദാൻ മാസത്തിൽ നോമ്പുതുറയിലും ഇഫ്താർ വിരുന്നുകളിലും ഹരിത ചട്ടം പാലിക്കണം. ഇത്തരം അവസരങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ മേശവിരികൾ, കപ്പുകൾ, പ്ലാസ്റ്റിക്ക്/ ഡിസ്പോസിബിൾ പാത്രങ്ങൾ, കപ്പുകൾ തുടങ്ങിയവ ഉപയോഗിക്കരുത്. പകരം സ്റ്റീൽ, സെറാമിക്, മെറ്റൽ പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. ഹരിത ചട്ടപ്രകാരം ഏകോപയോഗ പ്ലാസ്റ്റിക്കിൽ നിർമ്മിതമായ വസ്തുക്കൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. ഡിസ്പോസിബിൾ സ്ട്രോകളും സ്പൂണുകളും ഉപയോഗിക്കരുത്. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ അലങ്കാരത്തിനായി ഉപയോഗിക്കുക.
പ്ലാസ്റ്റിക്ക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് പരിപൂർണ്ണമായും ഒഴിവാക്കണം. പകരമായി കുടിവെള്ളം സ്റ്റീൽ ഗ്ലാസ്സുകളിൽ വിതരണം ചെയ്യുക. പരിപാടി നടത്തുമ്പോൾ അവയുടെ അറിയിപ്പ് നൽകാനായി തുണി ബാനറുകൾ ഉപയോഗിക്കുക, പ്ലാസ്റ്റിക്ക് ഉപയോഗിച്ചു കൊണ്ടുളള അലങ്കാരങ്ങൾ പാടില്ല, ഡിസ്പോസിബിൾ വസ്തുക്കൾ പൂർണ്ണമായി പരിപാടികളിൽ നിന്ന് ഒഴിവാക്കുക. അജൈവ മാലിന്യവും പാഴ്സവസ്തുക്കളും വലിച്ചെറിയാതെ അവ കൃത്യമായി ഹരിതകർമ്മസേനയെ ഏൽപ്പിക്കണം.
ഗ്രീൻ പ്രോട്ടോകോൾ എന്നാൽ എന്ത്?
പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോക്കോളിലും നിർമ്മിതമായതുൾപ്പടെ എല്ലാത്തരം ഡിസ്പോസിബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണ്ണമായി ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും രൂപപ്പെടുന്ന മാലിന്യത്തെ തരംതിരിച്ച് അതിൽ ജൈവമാലിന്യം വളമോ പാചക ഇന്ധനമോ ആക്കി മാറ്റിയും അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഹരിത കർമ്മ സേനയ്ക്കോ സർക്കാരോ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനമോ ചുമതലപ്പെടുത്തിയിട്ടുളള സംവിധാനത്തിനോ കൈമാറിയും മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക എന്നതാണ് ഗ്രീൻ പ്രോട്ടോകോൾ കൊണ്ട് ഉദ്ദേശിക്കുന്നത്.