ഏർക്കാട് : സേലം കാക്കപ്പാളയത്ത് സ്ഥിതി ചെയ്യുന്ന സോണ മെഡിക്കൽ കോളേജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗ, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി (CCRYN), ആയുഷ് മന്ത്രാലയം എന്നിവയുമായി സഹകരിച്ച് 2025 ലെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. യോഗാഭ്യാസത്തെ പരിസ്ഥിതി സുസ്ഥിരതയുമായി സംയോജിപ്പിക്കുന്ന ആയുഷ് മന്ത്രാലയത്തിന്റെ സംരംഭമാണ് ഹരിത് യോഗ. സോണ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 167 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ലാവിന്റെയും 33 ഏക്കർ വിസ്തൃതിയുള്ള വസന്തം എസ്റ്റേറ്റിന്റെയും ചരിത്രപരമായ അന്തരീക്ഷത്തിലാണ് പരിപാടി നടന്നത്. പങ്കെടുക്കുന്നവരിൽ പരിസ്ഥിതി സൗഹൃദ അവബോധവും ജിജ്ഞാസയും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള “യോഗയ്‌ക്കൊപ്പം പ്രകൃതി നടത്തം” എന്ന പരിപാടിയുടെ ഉദ്ഘാടനവും നടന്നു.
ഏർക്കാടിലെ പഞ്ചായത്ത് യൂണിയൻ കമ്മീഷണർ വി. ശിവകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലനത്തിൽ രീതികളിൽ പ്രകൃതി സംരക്ഷണത്തിനുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സോണ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വൈസ് ചെയർമാൻ ത്യാഗു വെലിയപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലൂടെ സോണ വെലിയപ്പ ഗ്രൂപ്പ് തങ്ങളുടെ ഇക്കോ-ടൂറിസം സംരംഭങ്ങൾ കൂടുതൽ വികസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീശാക്തീകരണത്തിൽ യോഗക്ക് വലിയ പങ്ക് വഹിക്കാൻ ആകുമെന്ന് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന ഏർക്കാട് പോലീസ് ഇൻസ്പെക്ടർ ആന്റണി മൈക്കിൾ ചൂണ്ടിക്കാട്ടി. സോണ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ജനറൽ മാനേജർ വാസന്തി ബാലമുരുകൻ ആശംസകൾ അർപ്പിച്ചു.
സോണ ആയുഷ് മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത് സെൻറർ സി.എം.ഒ ഡോ. ദിനേശ് കർത്ത സ്വാഗതം ആശംസിച്ചു. സോണ ആയുഷ്ഗ്രാമത്തിന്റെ സി.എം.ഒ ഡോ. സന്ദീപ് ചുഞ്ചു നന്ദി പ്രകാശിപ്പിച്ചു. പ്രശസ്ത പ്രകൃതിചികിത്സാ യോഗാ ഡോക്ടർമാരായ ഡോ. ഭുവനേശ്വർ, ഡോ. ആകാശ് പ്രഭു, ഡോ. അരുൺ, ഡോ. റുബേഷ്, ഡോ. രേഷ്മ, ഡോ. വിഘ്നേഷ് എന്നിവരുടെ സംഘം യോഗയുടെയും പ്രകൃതിയുടെയും പരസ്പരബന്ധിതത്വം ഊന്നിപ്പറയുന്ന വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സോണ മെഡിക്കൽ കോളേജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗയിലെ 200-ലധികം വിദ്യാർത്ഥികളും അധ്യാപകരും സേലം, സോണ ആയുഷ് മൾട്ടി-സ്പെഷ്യാലിറ്റി ഹെൽത്ത് സെന്റർ, സോണ ആയുഷ്ഗ്രാമം എന്നിവിടങ്ങളിൽ നിന്നുള്ള ഫിസിഷ്യൻമാരും പരിപാടിയിൽ പങ്കെടുത്തു.