മല്ലപ്പള്ളി : പുറമറ്റം പാലവയലിൽ നെല്ല് വിതയ്ക്കുന്നതിന് നിലമൊരുങ്ങുന്നു. പാലവയൽ, താഴകുളം, മാവാനാൽ, വെണ്ണിക്കുളം, പുല്ലേലി, കുറുങ്ങളം തുടങ്ങിയ പാടങ്ങളിലായി 70 ഹെക്ടറിലാണ് കൃഷി ചെയ്യേണ്ടത്. സാധാരണ ഒക്ടോബർ പകുതിയാകുമ്പോഴാണ് വിതയ്ക്കുക. എന്നാൽ ഇക്കുറി അല്പം വൈകി. പാടത്തിന്റെ വലിയ വരമ്പുകൾ ബലപ്പെടുത്താൻ വൈകിയതാണ് ഒരു കാരണം.വയലിലെ കരിങ്കൽക്കെട്ടുകൾ തകർന്നിട്ട് വർഷങ്ങളായി. ജലവിഭവവകുപ്പ് ചെയ്ത പ്രവൃത്തിയാണിത്. അവർതന്നെയാണ് നന്നാക്കേണ്ടതും. എന്നാൽ ഏറെക്കാലമായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. നെൽക്കൃഷിചെയ്യുന്ന സമയങ്ങളിൽ കർഷകർ സ്വന്തം കൈയിൽനിന്ന് പൈസ മുടക്കി മണൽച്ചാക്കടുക്കും. പാടത്തേക്ക് വെള്ളം കയറാതിരിക്കാനാണ് ഈ കഷ്ടപ്പാട്.
എന്നാൽ മഴയുടെ കാഠിന്യം കൂടിയാൽ ശക്തമായ നീരൊഴുക്കിൽ തകർന്നുകിടക്കുന്ന ബണ്ടിൽനിന്ന് വെള്ളം പാടത്തേക്ക് കുതിച്ചൊഴുകും. നെൽക്കൃഷി പൂർണമായി നശിക്കുകയും ചെയ്യും. ഭീമമായ നഷ്ടമാണ് കർഷകർ നേരിടുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥ വകുപ്പിന്റെ മാരാമൺ ഓഫീസിൽ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മനസ്സുമടുത്ത കർഷകർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റത്തുമാത്രമാണ് കാര്യമായതോതിൽ നെൽക്കൃഷി നടക്കുന്നത്. ഇതുകൂടി ഇല്ലാതായാൽ എല്ലാ പാടങ്ങളും തരിശാകും.