കലഞ്ഞൂർ : വായനശാല ഒരുക്കി മാങ്കോട് പ്രദേശത്തുള്ള കുട്ടികളുടെ കൂട്ടായ്മ. അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ഇവർ രണ്ട് ദിവസംകൊണ്ട് ശേഖരിച്ചത്. വായനശാലയോട് ചേർന്ന് പൂന്തോട്ടവും കുട്ടികൾക്ക് വെളിയിൽ ഇരുന്ന് വായിക്കുന്നതിനും കാരംസ്, ചെസ് തുടങ്ങിയ കളികളിൽ ഏർപ്പെടുന്നതിനും സൗകര്യവും ഒരുക്കുമെന്നും ശ്യാം ലേഔട്ട് പറഞ്ഞു. കുട്ടികളുടെ കൂട്ടായ്മയ്ക്ക് എല്ലാസഹായവുമായി നാട്ടുകാരുടെ വലിയ പിന്തുണയും എത്തിക്കഴിഞ്ഞു. കവി പി.കെ. ഗോപിയും ആർട്ടിസ്റ്റ് മദനനും ചേർന്നാണ് വായനശാല നാടിന് തുറന്നുനൽകിയത്.
വായനയെ ലഹരിയാക്കി പുതുതലമുറ സ്വീകരിക്കുന്നത് വലിയ മാതൃകയാണെന്ന് കവി പി.കെ. ഗോപി പറഞ്ഞു. കുട്ടികളുടെ കൂട്ടായ്മയും നാടിന്റെ പിന്തുണയും വലിയ സന്ദേശമാണ് സമൂഹത്തിന് പകർന്ന് നൽകുന്നതെന്ന് ആർട്ടിസ്റ്റ് മദനൻ പറഞ്ഞു. ചിത്രകാരന്മാരായ സി.കെ. കുമാരൻ, കരുണാകരൻ പേരാമ്പ്ര, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ, വാർഡംഗം പ്രസന്നകുമാരി, ഡോ.എൻ.കെ. ശശിധരൻപിള്ള, ശ്യാം ലേഔട്ട് എന്നിവർ പ്രസംഗിച്ചു.