തൃശൂര്‍ : സ്ഫോടക വസ്തു ഉപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘം പിടിയില്‍. പാലക്കാട് മങ്കര സ്വദേശി രാജേഷ് (37), തിരുവില്വാമല പാലക്ക പറമ്പ് സ്വദേശി പ്രകാശന്‍ (47), മുണ്ടൂര്‍ സ്വദേശിയായ മോനു എന്ന റഷീദ് ഖാന്‍ (53), തിരുവില്വാമല കുത്താമ്പുള്ളി സ്വദേശി പെരുമാള്‍ (39), പഴയ ലക്കിടി സ്വദേശി സനീഷ് (40) എന്നിവരെയാണ് പിടികൂടിയത്. പഴയന്നൂര്‍ പോലീസ് ആണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. കാട്ടുപന്നികളെ നിരന്തരമായി സ്ഫോടക വസ്തു ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തുന്നതാണ് അഞ്ചംഗ സംഘത്തിന്റെ രീതി. കാട്ടുപന്നി ഇറച്ചി കിലോയ്ക്ക് 300 മുതല്‍ 400 രൂപ വരെ ആവശ്യക്കാരില്‍നിന്നും വില ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.
ഈ പണം ആര്‍ഭാട ജീവിതം നയിക്കുവാനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. അന്യസംസ്ഥാനങ്ങളിലും മറ്റും യാത്ര നടത്തുന്നത് ഇവരുടെ പതിവ് രീതിയാണെന്നും പോലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് പഴയന്നൂര്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ പന്നിപ്പടക്കം ചവിട്ടി വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു. ഇതിനെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പിടിയിലായ പെരുമാളുടെ വീട്ടില്‍നിന്നും പാചകം ചെയ്ത രണ്ട് കിലോ കാട്ടുപന്നി ഇറച്ചിയും ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോയുടെ നിര്‍ദേശാനുസരണം പഴയന്നൂര്‍ സി.ഐ. കെ.എ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.