കൊച്ചി : കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയ ജി.എസ്.ടി വിഹിതത്തിന്റെ കണക്കുകൾ പുറത്ത്. വിഹിതത്തിന്റെ കാര്യത്തിൽ കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് വിവരങ്ങൾ പുറത്തുവരുന്നത്. ജി.എസ്.ടി വിഹിത പട്ടികയിൽ കേരളത്തിന് എട്ടാം സ്ഥാനം മാത്രമാണുള്ളതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ജി.എസ്.ടി നടപ്പാക്കിയ 2017-18 സാമ്പത്തികവർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെ സംസ്ഥാനത്തിന് നൽകിയത് 28,792 കോടി രൂപ മാത്രമാണ്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കെല്ലാം പിറകിലാണ് കേരളം വരുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്ക് മറുപടിയായാണ് കേന്ദ്രധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിനു കീഴിൽ വരുന്ന സ്റ്റേറ്റ്സ് ടാക്സ് സെക്ഷൻ വിവരങ്ങൾ നൽകുന്നത്.
എന്നാൽ കേന്ദ്രം ഇത്രയും കാലയളവിൽ പിരിച്ച ജി.എസ്.ടി തുക എത്രയെന്ന ചോദ്യത്തിന് വിവരാവകാശ രേഖയിൽ മറുപടി നൽകിയിട്ടില്ല. ആകെ ജി.എസ്.ടി വിഹിതമായി സംസ്ഥാനങ്ങൾക്ക് നൽകിയത് 657,381 കോടി രൂപയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കാണ് ജി.എസ്.ടി വിഹിതം നൽകുന്നതിൽ കേന്ദ്രം വലിയ അവഗണന കാണിച്ചത്. ഇതിൽതന്നെ മിസോറമിനാണ് ഏറ്റവും കുറവ് ജി.എസ്.ടി വിഹിതം കേന്ദ്രം നൽകിയിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ആകെ 11 കോടി രൂപയാണ് ഏഴു വർഷത്തിനിടെ ഇവർക്കുകിട്ടിയത്. 2020-21ൽ മാത്രം 11 കോടി നൽകിയ കേന്ദ്രം മറ്റുവർഷങ്ങളിൽ ഒരുരൂപ പോലും നൽകിയിട്ടില്ല. നാഗാലാൻഡിന് 14 കോടിയും അരുണാചൽ പ്രദേശിന് 21 കോടിയും സിക്കിമിന് 42 കോടിയും മണിപ്പൂരിന് 46 കോടിയും മാത്രമേ ലഭിച്ചുള്ളൂ.