കൊച്ചി: ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളെ ‘രേഖ’യിലാക്കാൻ തൊഴിൽ വകുപ്പ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാനക്കാരെ നിയമവിധേയമാക്കാനാണ് തൊഴിൽ വകുപ്പിന്റെ നീക്കം. ഇതിനായി സർക്കാർ പ്രഖ്യാപിച്ച അതിഥി പോർട്ടലിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് മൂവായിരത്തിലധികം അന്തർ സംസ്ഥാനക്കാരാണ്. സംസ്ഥാനത്ത് ഏറ്റവുമധികം അന്തർ സംസ്ഥാനക്കാർ പ്രവർത്തിക്കുന്ന ജില്ലയാണ് എറണാകുളം. എന്നാൽ, ഇവരുടെ എണ്ണം സംബന്ധിച്ച് യാതൊരു ഔദ്യോഗിക രേഖകളോ വിവരങ്ങളോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ തൊഴിൽ വകുപ്പിന്റെയോ കൈവശമില്ല.
പെരുമ്പാവൂരിലെ ദലിത് നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ ആവാസിൽ ഏറ്റവും അധികം തൊഴിലാളികൾ രജിസ്റ്റർ ചെയ്തത് ജില്ലയിലാണ്. 1.15 ലക്ഷം പേർ. പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ നിലവിൽ ആശ്രയിക്കുന്നത് ആവാസിനെയാണ്. എന്നാൽ, കോവിഡും മറ്റു സാങ്കേതിക പ്രശ്നങ്ങളും മൂലം പദ്ധതി നിലച്ചതോടെ ഇത് ലക്ഷ്യത്തിലെത്തിയില്ല. നിലവിൽ തൊഴിൽ വകുപ്പിന്റെ കൈവശമുള്ള ഔദ്യോഗിക രേഖകൾ പ്രകാരം ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുത്ത അന്തർ സംസ്ഥാനക്കാർ 1,19,621 പേരാണ്.