ബസ് യാത്ര, കാട് കാഴ്ചകൾ. ഇതൊന്നും പോരാതെ പമ്പാ നദിയിൽ ഒരു ബോട്ടിങ്ങും. ഇതൊക്കെ ഒറ്റ യാത്രയിൽ ആസ്വദിക്കണമെങ്കിൽ കേരളത്തിൽ ഒരിടമേയുള്ളൂ. അത് ഗവി ആണ്. പത്തനംതിട്ടക്കാരുടെ അഭിമാനമായ സഞ്ചാരികളുടെ സ്വർഗ്ഗമായ, കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇടം. ഓർഡിനറി സിനിമയിലൂടെയാണ് ഗവിയെപ്പറ്റി നമ്മൾ കേട്ടതെങ്കിലും കേരളത്തിലങ്ങോളമിങ്ങോളമുള്ള യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട ഇടമാക്കി ഗവിയെ മാറ്റയത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ഗവി യാത്രാ പാക്കേജുകളാണ്. കേരളത്തിലെ ഒട്ടുമിക്ക കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്നും ഗവി യാത്രകൾ തുടങ്ങിയിരുന്നുവെങ്കിലും എറണാകുളം ഡിപ്പോയിൽ നിന്നും ഗവി യാത്രകൾ ഇല്ലായിരുന്നു. ഇപ്പോഴിതാ എറണാകുളവും കളത്തിലിറങ്ങിയിരിക്കുകയാണ്. ഒക്ടോബർ 17 ചൊവ്വാഴ്ച എറണാകുളത്തു നിന്നുള്ള ആദ്യ ഗവി ട്രിപ്പ് പുറപ്പെടും.
17ന് പുലര്‍ച്ചെ 3.00 മണിക്ക് ആരംഭിക്കുന്ന യാത്ര നേരെ പത്തനംതിട്ടയിലേക്കാണ് പോകുന്നത്. ഇവിടുന്ന് കാടിനുള്ളിലൂടെയുള്ള യാത്രയുടെ സൗകര്യത്തിനായി മറ്റൊരു ബസില്‍ മാറി കയറി വേണം പോകാൻ. ചെറിയ കാട് കണ്ടു തുടങ്ങുന്ന യാത്രയിൽ മുന്നോട്ട് കയറുംതോറും മഞ്ഞും മഴയും കൂട്ടെത്തും. ഒപ്പം കാടിന്‍റെ വന്യതയ്ക്കും ഭംഗിയേറും. 70 കിലോമീറ്റർ നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ എട്ട് അണക്കെട്ടുകൾ കാണാം. അതിൽ തന്നെ അഞ്ച് അണക്കെട്ടുകളിൽ കയറി കാഴ്ചകള്‍ കണ്ടാവും യാത്രയെന്നതിനാൽ രസം ഇരട്ടിക്കും. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നീ അണക്കെട്ടുകളാണ് യാത്രയിൽ കാണാനാവുക. ഗവിയിൽ എത്തിയാൽ പമ്പാ നദിയിലൂടെ ഒരു കിടിലൻ ബോട്ടിങ്ങും നിങ്ങളെ കാത്തിരിക്കുന്നു. 20 മിനിറ്റായിരിക്കും ബോട്ട് യാത്രയുടെ ദൈർഘ്യം. തുടർന്ന് വണ്ടിപ്പെരിയാർ ചെക് പോസ്റ്റ് വഴി പുറത്തു കടന്ന് പരുന്തുംപാറ കൂടി കണ്ടേ തിരികെ ഡിപ്പോയിലേക്ക് മടങ്ങുകയുള്ളൂ. രാത്രി 11 മണിയോടെ ഡിപ്പോയിൽ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 36 പേർക്ക് മാത്രമേ യാത്രയിൽ പങ്കെടുക്കാൻ കഴിയൂ. 2000 രൂപയാണ് നിരക്ക്. ഇതിൽ ബസ് ടിക്കറ്റ് നിരക്ക്, പ്രവേശന പാസ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ബുക്കിങ് ലഭ്യമല്ലാത്തതിനാൽ നേരിട്ടെത്തിയോ അല്ലെങ്കിൽ 81291 34848 എന്ന നമ്പർ വഴിയോ യാത്രയുടെ വിശദാംശങ്ങൾ അറിയാം.