കാത്തിരിപ്പിന് ഇനി അധികം നാളുകളില്ല… കൗതുകങ്ങളുടെയും വിസ്മയത്തിന്‍റെയും ലോകം തുറക്കുന്ന നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ ഇതാ ഇങ്ങെത്താറായി. ഉത്സവങ്ങളുടെ ഉത്സവനെന്നും വടക്കു കിഴക്കൻ ഇന്ത്യയുടെ ആഘോഷങ്ങളിലേക്കുള്ള തുടക്കവുമായി അറിയപ്പെടുന്ന ഹോൺബിൽ ഫെസ്റ്റിവൽ മലയാളികൾ ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലുകളിൽ ഒന്നായ ഹോണ്‍ബില്‍ ഉത്സവം നാഗാലാൻഡിലെ വ്യത്യസ്തങ്ങളായ ഗോത്രങ്ങൾ ചേർന്നു നടത്തുന്ന ആഘോഷമാണ്. വടക്കു കിഴക്കൻ ഇന്ത്യയെയും അവിടുത്തെ ഗോത്ര പൈതൃകങ്ങളെയും സംസ്കാരങ്ങളെയും ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാനും പരിചയപ്പെടുവാനും ഇതിനോളം മികച്ച ഒരവസരം സഞ്ചാരികൾക്കില്ല. വടക്കു കിഴക്കൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഒരു ഫീൽ ആണ് ഈ ഒരൊറ്റ യാത്രയിൽ ലഭിക്കുക.
പതിവുപോലെ 2023 ലെ ഹോൺബിൽ ഫെസ്റ്റിവലും പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ്. ഡിസംബർ 1 മുതൽ 10 വരെയാണ് ഈ വർഷത്തെ ഹോൺബില്‍ ഫെസ്റ്റിവൽ തിയതി. മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും ആയിരക്കണക്കിന് സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. നാഗാലാൻഡിന്‍റെ പാരമ്പര്യവും സംസ്കാരവും സംഗീതവും രുചികളും കരകൗശവ വസ്തുക്കളും പരിചയപ്പെടാനും ആസ്വദിക്കാനും പറ്റിയ അവസരമാണിത്. നാഗാ ഹെറിറ്റേജ് വില്ലേജിലാണ് എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഹോൺബിൽ ഫെസ്റ്റിവൽ നടക്കുക. കൊഹിമയിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിൽ കിസാമ എന്ന സ്ഥലത്താണ് നാഗാ ഹെറിറ്റേജ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. നാഗാലാൻഡ് ടൂറിസം, കലാ സാംസ്കാരിക വകുപ്പുകളുടെ നേതൃത്വത്തിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുക. ഓരോ വര്‍ഷവും ഓരോ തരത്തിൽ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഹോൺബിൽ ഫെസ്റ്റിവലിന് സഞ്ചാകളെ കാത്തിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ ഓർത്തിരിക്കുന്ന കാഴ്ചകൾ ഒരു യാത്രയിൽ നിങ്ങൾക്കു ലഭിക്കും.
സാധരണ വർഷങ്ങളിലേതു പോലെ പരമ്പരാഗത ഗോത്ര നൃത്ത പരിപാടികൾ, സംഗീത പരിപാടികൾ, സ്‌പോർട്‌സ്, നൃത്തം, ഫാഷൻ മത്സരങ്ങൾ, സൗന്ദര്യമത്സരങ്ങൾ, തീറ്റമത്സരങ്ങൾ, പരമ്പരാഗത വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം എന്നിങ്ങനെയുള്ള പരിപാടികൾ ഇവിടെ കാണുമെന്നാണ് കരുതുന്നത്. ഇത് കൂടാതെ സന്ദർശകർക്ക് പ്രാദേശിക കരകൗശലവസ്തുക്കൾ, ശിൽപങ്ങൾ, പെയിന്റിംഗുകൾ എന്നിവ വാങ്ങാനുള്ള അവസരവും ഉണ്ടായിരിക്കും. നാഗാ ഗോത്രങ്ങളുടെ ബഹുമാനത്തിന്‍റെ ചിഹ്നമായ വേഴാമ്പലില്‍ നിന്നാണ് ഹോൺബിൽ ഫെസ്റ്റിവൽ എന്ന പേരു വന്നത്. ഇവിടുത്തെ നാടോടി കഥകളിലും പാരമ്പര്യങ്ങളിലുമെല്ലാം വേഴാമ്പലുകളെ ഒഴിവാക്കി നിർത്താൻ കഴിയില്ല.
2000 ൽ ആണ് ആദ്യത്തെ ഹോണ്‍ബിൽ ഫെസ്റ്റിവൽ നടന്നത്. നാഗാലാൻഡിന്‍റെ വിനോദസഞ്ചാരവും ഗോത്രസംസ്കാരവും വളർത്താനും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനും വേണ്ടി ആരംഭിച്ചതാണ് ഹോൺബിൽ ഫെസ്റ്റിവൽ. നാഗാലാൻഡിലെ 16 ഗോത്രങ്ങള്‍ ഒന്നുചേരുന്ന ആഘോഷമാണിത്. പരമ്പരാഗത രീതിയിൽ കുടിലുകൾ ഗോത്രവര്‍ഗ്ഗക്കാർ അവരുടെ കുടിലുകൾ ഇവിടെ ഒരുക്കിയിട്ടുണ്ടാവും. അവരുടെ രീതികൾ പരിചയപ്പെടുന്നതിനൊപ്പം കലാവസ്തുക്കൾ വിലകൊടുത്ത് വാങ്ങുവാനും കലാകാരന്മാരെ പരിചയപ്പെടുവാനും അവരുടെ തനി നാടൻ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കാനും അവസരം ഒരുക്കിയിട്ടുണ്ടാവും.