ഇടുക്കി യാത്രയിലെ ഏറ്റവും വലിയ കൺഫ്യൂഷനുകളിലൊന്നാണ് എവിടെ താമസിക്കുമെന്നത്. ദൂരെ ജില്ലകളിൽ നിന്നും വരുന്നവർക്ക് ഒറ്റദിവസം കൊണ്ട് കണ്ടുതീർത്താൻ കഴിയാത്തതിനാൽ ഒരു രാത്രി എവിടെയെങ്കിലും താമസിക്കേണ്ടി വരും. ഇനി ഇടുക്കി യാത്രയിൽ എവിടെ തങ്ങും എന്നതോർത്ത് വിഷമിക്കേണ്ട. കേരളാ ടൂറിസം വകുപ്പിന്‍റെ ഇക്കോ ലോഡ്ജുകൾ ഇതാ പൊതുജനങ്ങൾക്കായി തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിർമ്മാണം പൂർത്തീകരിച്ച ഇക്കോ ലോഡ്ജ് ഇന്നു മുതൽ പൊതുജനങ്ങൾക്കായി തുറന്നു നല്കി. 12 ഏക്കറോളം സ്ഥലത്തായി 12 ഇക്കോ ലോഡ്ജുകളാണ് നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും തടിയിലാണ് ഇക്കോ ലോഡ്ജ് നിർമ്മിച്ചിരിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിന്‍റെ ഭാഗമായ ഇക്കോ ലോഡ്ജ് ഇടുക്കി യാത്രയിൽ പരിസ്ഥിതിതിയോട് ചേർന്ന ഒരു താമസ സൗകര്യം നോക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പ് ആയിരിക്കും. ഇക്കോ ലോഡ്ജ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി 6.72 കോടി രൂപയാണ് ആകെ വിനിയോഗിച്ചത്. ഇതിൽ സംസ്ഥാനസര്‍ക്കാരില്‍ നിന്നും 2.78 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന ലഭിച്ച 5.05 കോടി രൂപയും ചേര്‍ത്താണ് നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചത്.
ഇക്കോ ലോഡ്ജില്‍ താമസം ബുക്ക് ചെയ്താൽ സമീപത്തെ പ്രദേശങ്ങളിലേക്കും കാഴ്ചകളിലേക്കും എളുപ്പത്തില്‍ ചെന്നെത്താനും കഴിയും. ഇക്കോ ലോഡ്ജിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആയാണ് ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡി ടി പി സി പാര്‍ക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാല്‍വരി മൗണ്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്.
ഇടുക്കി ഇക്കോ ലോഡ്ജ് എത്തിച്ചേരാന്‍
വാഴത്തോപ്പ് പഞ്ചായത്തിൽ ചെറുതോണി ഇടുക്കി അണക്കെട്ടിനു സമീപത്തായാണ് ഇക്കോ ലോഡ്ജ് ഉള്ളത്. എറണാകുളത്തു നിന്നും തൊടുപുഴയിൽ നിന്നും വരുന്നവർക്ക് ചെറുതോണിയിൽ നിന്ന് ഒന്നര കിലോമീറ്റർ മുൻപോട്ടു പ്രധാനപാതയിൽ സഞ്ചരിച്ചാൽ ഇക്കോ ലോഡ്ജിൽ എത്തിച്ചേരാൻ സാധിക്കും. ഇക്കോ ലോഡ്ജ് ബുക്ക് ചെയ്യാൻ ഓൺലൈൻ ആയി ഇക്കോ ലോഡ്ജ് ബുക്ക് ചെയ്യാൻ സാധിക്കും. കേരള വിനോദ സഞ്ചാര വകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴിയാണ് ബുക്കിങ്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം 4130 രൂപയാണ് ഒരു കോട്ടേജിന് ഈടാക്കുന്നത്.