കൊച്ചിയിലാണ് വൈകുന്നേരമെങ്കിൽ ചെലവഴിക്കാൻ വഴികൾ ഇഷ്ടംപോലെയുണ്ട്. വെറുതെ ഫോർട്ട് കൊച്ചിയിൽ ഒന്നു ചെന്നാൽ മതി. അല്ലെങ്കിൽ ഏതെങ്കിലും ഒരു മാളിൽ പോയാലോ പാര്‍ക്കിൽ ആണെങ്കിലും വൈബ് വേറെ ലെവൽ ആണ്. എന്നാൽ ഈ ആഴ്ച നിങ്ങൾ കൊച്ചിയിലുണ്ടെങ്കിൽ ഒരു കിടിലൻ പരിപാടി കാത്തിരിക്കുന്നുണ്ട്. എന്താണെന്നല്ലേ… ഗാലാ നൈറ്റ് @ സുര്യംശു. ഡാൻസും പാട്ടും ആഘോഷങ്ങളുമായി കൊച്ചി കായലിലൂടെയും കടലിലൂടെയും ഒരു വമ്പൻ ക്രൂസിങ്. അതും കുറഞ്ഞ ചെലവിൽ. കേരളത്തിലെ ആദ്യ സൗരോര്‍ജ വിനോദസഞ്ചാര ബോട്ട് ആയ സൂര്യാംശു ആണ് ഈ ആഘോഷം ഒരുക്കുന്നത്. വീക്കെൻഡും അവധി ദിവസങ്ങളും ആഘോഷിക്കാൻ കൊച്ചിയിൽ ഈ ആഴ്ച ഇനി വേറൊന്നും നോക്കേണ്ട. സൂര്യാംശു ക്രൂസിങ്ങിനെക്കുറിച്ചും ഇവിടെ നിങ്ങളെ കാത്തിരിക്കുന്ന മറ്റ് ആഘോഷങ്ങളെക്കുറിച്ചും വായിക്കാം.. ബുക്ക് ചെയ്യാൻ റെഡിയാണല്ലോ അല്ലേ.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് ( കെഎസ്ഐഎന്‍സി) പുറത്തിറക്കിയ കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ “സൂര്യാംശു’ വിൽ ആണ് ഈ ആഴ്ചത്തെ ആഘോഷം. എറണാകുളത്തിന്‍റെ വിനോദസഞ്ചാരത്തിന് ഉണർവ് നല്കിയ സൂര്യാംശുവിന്റെ യാത്രകളും പാക്കേജുകളും വൻ ഹിറ്റാണ്. കൊച്ചിയിൽ നിന്നു മാത്രമല്ല മറ്റു ജില്ലകളിൽ നിന്നു പോലും ആളുകൾ ഇവിടെ എത്തുന്നു. ഗാലാ നൈറ്റ് @ സൂര്യംശു കെഎസ്ഐഎൻസി ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്ന പാക്കേജാണ് ഗാലാ നൈറ്റ് @സുര്യംശു. മൂന്നു മണിക്കൂര്‍ സമയം കൊച്ചി കായലിലും കടലിലും നടത്തുന്ന ക്രൂസിങ് ആണ് ഇതിന്റെ പ്രധാന ആകർഷണം.
ബോട്ടിൽ സഞ്ചരിച്ച് സൂര്യാസ്തമയം കാണാം എന്നതിനൊപ്പം വലിയ ആഘോഷങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും കൊച്ചിയിലെ ഈവനിങ് മറക്കാനാവാത്ത ഒരു മികച്ച അനുഭവമാക്കി മാറ്റാൻ ഇത് സഹായിക്കും. ലൈവ് മ്യൂസികും ഡാൻസ് പെർഫോമൻസുകളും ഉൾപ്പെടുന്ന വിനോദ പരിപാടികൾക്ക് നേതൃത്വം നല്കുന്നത് ബദർ പെരുമ്പാവൂർ, ഷഹർഷാ ഷാനു, ഡോഫിൻ, മുഹമ്മദ് ഷാ, ലിൻസി എന്നിവരാണ്. ഇത് കൂടാതെ ബുഫെ ഡിന്നറും സഞ്ചാരികൾക്ക് ഒരുക്കിയിട്ടുണ്ട്.
മൂന്നു മണിക്കൂർ നീളുന്ന ഈ ആഘോഷം നിറഞ്ഞ ക്രൂസിങ്ങില് പങ്കെടുക്കാൻ 749 രൂപയാണ് നിരക്ക്. മുതർന്നവർക്കൊപ്പം വരുന്ന അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം. സെപ്റ്റംബർ 30, ഒക്ടോബർ 2 എന്നീ ദിവസങ്ങളിൽ വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9846 2111 43 എന്ന നമ്പറിൽ ബന്ധപ്പെടാം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഈ യാനച്ചിൽ ലോവർ ഡെക്കിൽ 78 പേരെയും അപ്പർ ഡെക്ക് 22 പേരെയും വഹിക്കും. കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ടായ സൂര്യാംശു ഈ ഏപ്രിൽ മാസത്തിലാണ് നീറ്റിലിറങ്ങിയത്. വിനോദസഞ്ചാരികൾക്കായി ഏറ്റവും മികച്ച സൗകര്യങ്ങൾ ഇതിലുണ്ട്. ശീതീകരിച്ച കോൺഫറൻസ് ഹാൾ, ഡിജെ പാർട്ടി ഫ്ലോർ, കഫെറ്റീരിയ തുടങ്ങിവ ഇതിലുണ്ട്.