ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സമാജ്വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അതീഖ് അഹമ്മദിനെ വധിക്കാന്‍ അക്രമികള്‍ എത്തിയത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയായിരുന്നു. ഇതേ തുടര്‍ന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാര്‍ഗനിര്‍ദേശത്തിലും ആഭ്യന്തര മന്ത്രാലയം മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കും സുരക്ഷയ്ക്കുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) തയ്യാറാക്കും
എന്‍.സി.ആര്‍ ന്യൂസ് എന്ന പേരിലായിരുന്നു ഇന്നലെ പ്രയാഗ്രാജിലെ ആശുപത്രി പരിസരത്ത് അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികള്‍ കടന്നുകൂടിയത്. അക്രമത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. വലിയ രീതിയിലുള്ള സുരക്ഷ വീഴ്ചയാണ് ഇന്നലെയുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകരടക്കം വിമര്‍ശിച്ചു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.