തിരുവനന്തപുരം: രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്രഷാ (66) എന്നയാളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് ഇയാള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുരേന്ദ്രഷായില്‍നിന്നു പിടിച്ചെടുത്ത കണ്ണടയും മൊബൈലും പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കു കൈമാറി. കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നതും മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതുമാണ് പോലീസ് പരിശോധിക്കുന്നത്.
ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് രഹസ്യക്യാമറയുമായി ഇയാള്‍ ഞായറാഴ്ച ശ്രീകോവിലിനു മുന്നില്‍വരെയെത്തിയത്. കണ്ണടയില്‍ ലൈറ്റ് മിന്നുന്നതുകണ്ട ക്ഷേത്രജീവനക്കാരനാണ് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കല്‍മണ്ഡപത്തില്‍ വെച്ചായിരുന്നു സംഭവം.ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയതാണെന്നും കൗതുകം കൊണ്ടുമാത്രം ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തതെന്നുമാണ് ഇയാള്‍ പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച സുരേന്ദ്രഷാ ഗുജറാത്തിലേക്കു മടങ്ങിപ്പോയി. ഫൊറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ പങ്കുെവച്ചതായി കണ്ടെത്തിയാല്‍ വീണ്ടും വിശദമായി ചോദ്യംചെയ്യുമെന്നും ഫോര്‍ട്ട് സിഐ ശിവകുമാര്‍ പറഞ്ഞു.