അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ ഗുജറാത്ത് ടൈറ്റൻസിന് ജയം. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കേ ഗുജറാത്ത് മറികടന്നു. 54 പന്തിൽ നിന്ന് 97 റൺസോടെ പുറത്താകാതെ നിന്ന ജോസ് ബട്ട്‌ലറുടെ ഇന്നിങ്‌സാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്. നാല് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. 34 പന്തിൽ നിന്ന് 43 റൺസെടുത്ത ഇംപാക്റ്റ് പ്ലെയർ റുഥർഫോർഡും 21 പന്തിൽ നിന്ന് 36 റൺസെടുത്ത സായ് സുദർശനും നിർണായക സംഭാവനകൾ നൽകി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഏഴു റൺസെടുത്ത് പുറത്തായി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തിരുന്നു. ഒമ്പത് പന്തിൽനിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റൺസെടുത്ത അഭിഷേക് പോറെൽ ഡൽഹിക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചാണ് പുറത്തായത്. പിന്നാലെ 18 പന്തിൽനിന്ന് രണ്ട് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 31 റൺസെടുത്ത കരുൺ നായരും 14 പന്തിൽനിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 28 റൺസെടുത്ത കെ.എൽ രാഹുലും റൺറേറ്റ് താഴാതെ ഇന്നിങ്സ് മുന്നോട്ടു ചലിപ്പിച്ചു.പിന്നാലെ നാലാം വിക്കറ്റിൽ 53 റൺസ് ചേർത്ത ക്യാപ്റ്റൻ അക്ഷർ പട്ടേൽ-ട്രിസ്റ്റൻ സ്റ്റബ്ബ്സ് സഖ്യം സ്‌കോർ 146 വരെയെത്തിച്ചു.
പിന്നാലെ സ്റ്റബ്ബ്സ് 21 പന്തിൽനിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 31 റൺസെടുത്ത് പുറത്തായി. 32 പന്തിൽനിന്ന് 39 റൺസെടുത്ത ആക്ഷറിനെ 18-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് മടക്കിയത്. രണ്ട് സിക്സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമയാണ് ഡൽഹി സ്‌കോർ 200 കടക്കാൻ സഹായിച്ചത്. 19 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 37 റൺസെടുത്തു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.