റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനം കഴിഞ്ഞെത്തുന്ന ഈദുല്‍ ഫിത്ര്‍ വിപുലമായി ആഘോഷിക്കുകയാണ് സ്വദേശികളും പ്രവാസികളും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നതെങ്കില്‍ ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനില്‍ മാസപ്പിറവി കണ്ടതോടെ 29 നോമ്പ് പൂര്‍ത്തിയാക്കി ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രാര്‍ത്ഥനയുടെയും ഒത്തുചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും ആഘോഷത്തിന്‍റെയും ദിനമാണ് ചെറിയ പെരുന്നാള്‍. നീണ്ട അവധിക്കാലം ലഭിക്കുന്നതിന്‍റെ സന്തോഷത്തിലാണ് പ്രവാസികളും.
പെരുന്നാൾ ആഘോഷത്തിൻറെ ഭാഗമായി സൗദിയിൽ 13 ഇടങ്ങളിൽ വെടിക്കെട്ട് ഒരുക്കും. പെരുന്നാൾ ആദ്യ ദിവസം രാത്രി ഒമ്പതിനാണ് എല്ലായിടത്തും വെടിക്കെട്ട്. ജിദ്ദയിൽ മാത്രം രണ്ട് ദിവസമുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങളും പെരുന്നാളിനെ വരവേല്‍ക്കാൻ വന്‍ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമാണ് സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള പെരുന്നാൾ അവധി.