സൗദി : മടങ്ങുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനം ജോലി നഷ്ടപ്പെട്ടവരാണെന്നും സൗദിയില്‍ നിതാഖത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മലയാളികള്‍ പറയുന്നു. നിതാഖാത്തില്‍ ജോലി നഷ്ടപ്പെട്ട് 2013 ലെ പൊതുമാപ്പില്‍ സൗദിയില്‍ നിന്ന് നിരവധി പേര്‍ മടങ്ങിയതിന് സമാനമായ സാഹചര്യമാണ് ഗള്‍ഫില്‍ ഇപ്പോഴുള്ളത്. കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന മലയാളികളില്‍ നാലിലൊന്ന് പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് കണക്കുകള്‍. 2013 ലാണ് സൗദി അറേബ്യയില്‍ നിതാഖാത്ത് മൂലമുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്.
അന്ന് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ സ്വദേശി വത്ക്കരണത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെന്നാണ് കണക്ക്. ഇതില്‍ പകുതിയില്‍ അധികവും മലയാളികള്‍. ഇതിനേക്കാള്‍ രൂക്ഷമായ തൊഴില്‍ നഷ്ട സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങളില് ഇപ്പോഴുള്ളതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി. പല കമ്പനികളും തൊഴിലാളികളെ വെട്ടിക്കുറച്ചു. ലോക്ക് ഡൗണിന് മുമ്പ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് വന്നവരോട് തല്‍ക്കാലം തിരിച്ചെത്തേണ്ടെന്ന് നിര്‍ദേശിച്ച കമ്പനികളുമുണ്ട്. യുഎഇ, സൗദി അറേബ്യ, ഒമാന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം തൊഴില്‍ നഷ്ടമുണ്ടായത്.
സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം നാലര ലക്ഷം കവിഞ്ഞു. ഇതില്‍ ജിസിസിയില്‍ നിന്നുള്ള പ്രവാസികളില്‍ 25 ശതമാനം പേരും തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവരാണെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്ക്. നോര്‍ക്കയുടെ കണക്ക് പ്രകാരം മടങ്ങി വരുന്നവരില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരോ വിസാ കാലാവധി കഴിഞ്ഞവരോ ആണ്. കൂടാതെ വിസാ റദ്ദാക്കിയവര്‍ 27,100 പേരുമുണ്ട്. കൊവിഡ് മഹാമാരി മാറിയാല്‍ വീണ്ടും തൊഴില്‍ തേടി ഗള്‍ഫിലേക്ക് പറക്കാനാകുമെന്നാണ് പലരുടേയും പ്രതീക്ഷ. മാറിയ സാഹചര്യത്തില്‍ ഇത് എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്നതാണ് കണ്ടറിയേണ്ടത്.