ചാലക്കുടി : വീട്ടിൽ സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവും തോക്കുമായി യുവാവ് പിടിയിൽ. ചാലക്കുടി വെട്ടുകടവ് ചേലേക്കാട്ടിൽ സന്ദീപ് (25) ആണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നയാളാണ് സന്ദീപെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇയാളുടെ വീട്ടിൽനിന്ന് മാനിന്റെ തലയോട്ടിയും കണ്ടെടുത്തു. പ്രതി കഞ്ചാവ് വിതരണത്തിന് പോകുമ്പോൾ കൈവശം വെയ്ക്കുന്ന എയർ പിസ്റ്റളാണ് എക്സൈസ് കണ്ടെടുത്തത്. ചാലക്കുടി എക്സൈസ് ഓഫീസർ അശ്വിൻകുമാറും സംഘവും നടത്തിയ പരിശോധനയ്ക്കിടെ പ്രതി ഉദ്യോഗസ്ഥർക്ക് നേരെ അക്രമത്തിനു മുതിർന്നു.
തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മാനിന്റെ തലയോട്ടി വിശദമായ അന്വേഷണത്തിനായി പരിയാരം റെയ്ഞ്ച് ഓഫീസർക്ക് കൈമാറി. തോട്ടത്തിൽനിന്നു നേരിട്ട് വെട്ടി ഉണക്കി വരുന്നതാണ് ഗ്രീൻ കഞ്ചാവ്. വിലക്കൂടുതലുള്ള ഈ ഇനം ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ലഭിച്ചിരുന്നതാണെന്ന് എക്സൈസ് പറയുന്നു.