ഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. മധ്യപ്രദേശിലെ റാത്ലാമിലാണ് സംഭവം. ഗോവിന്ദ് സോളങ്കി,ഭാര്യ ശാര്‍ദ, മകള്‍ ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ഇവരെ അയല്‍വാസികള്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നിട്ടും വീട്ടില്‍ നിന്ന് ആരുടെയും ശബ്ദം പുറത്തേക്ക് കേട്ടില്ല. ഇതേത്തുടര്‍ന്നാണ് അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചത്.
കൃത്യം നടന്നത് ബുധനാഴ്ചയാണെന്നാണ് പോലീസിന്റെ നിഗമനം. ‘ദോവോത്തായിനി ഏകാദശി’ ആയിരുന്നതിനാല്‍ എല്ലാവരും പടക്കം പൊട്ടിച്ച് ആഘോഷിക്കാറുണ്ട്. അതിനിടെയാണ് കുറ്റവാളി കൊല നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. അയല്‍വാസികളും പടക്കമാണെന്നേ കരുതിയിട്ടുണ്ടാവൂ.
കുടുംബവുമായി പരിചയമുള്ള ആളാണ് കൃത്യം നടത്തിയതെന്നാണ് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.