കോഴഞ്ചേരി : വേദനരഹിതവും പങ്കാളിയെ കൂടെ നിർത്തിയുമുള്ള പ്രസവത്തിന് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം തയാറെടുക്കുന്നു. ഇതിനായി 4 പ്രസവമുറികളാണ് ഇവിടെ തയാറാകുന്നത്. 2.46 കോടി രൂപ ചെലവിട്ടാണ് ഇതിനാവശ്യമായ കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. സുഖപ്രസവം, വേദനരഹിത പ്രസവം, ശസ്ത്രക്രിയ തുടങ്ങി ഇവയിൽ ഏതുവേണമെന്ന് ഗർഭിണിക്കു തിരഞ്ഞെടുക്കാം. പ്രസവ തീയതിക്കു മുൻപായി ഗർഭിണിക്കും പങ്കാളിക്കും ആവശ്യമായ കൗൺസലിങ്, തുടർ ക്ലാസുകൾ എന്നിവയും നൽകും. ഇലക്ട്രോണിക്സ് നിയന്ത്രിത കിടക്കയായ ലേബർ കോട്ട് സംവിധാനമാണ് തയാറാക്കുന്നത്. വേദനരഹിത പ്രസവമായ എപ്പിഡ്യൂറൽ ഡെലിവറി സൗകര്യവുമുണ്ട്. പ്രസവവേദന കുറയ്ക്കുന്നതിനൊപ്പം പ്രസവ സമയവും ആശുപത്രിവാസവും കുറയ്ക്കുകയും ഗർഭിണിക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ട്രെസ് ഒരു പരിധിവരെ കുറയ്ക്കാനും ഈ പ്രസവരീതികൊണ്ടു കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
പ്രസവസമയത്ത് ഗർഭിണിക്കൊപ്പം നിന്ന് അവരെ പരിചരിക്കാനും ധൈര്യം നൽകാനും ഭർത്താവിനോ അടുത്ത ബന്ധുക്കളായ ഒരു സ്ത്രീക്കോ അവസരം നൽകുന്ന പദ്ധതിയും ഇതിനൊപ്പം ഒരുങ്ങുന്നുണ്ട്. സ്വകാര്യത ഉറപ്പു വരുത്തുന്നതിനായി പ്രത്യേക ക്യുബിക്കിൾ സജ്ജീകരിച്ചാണ് സൗകര്യം ഒരുക്കുന്നത്. നവജാത ശിശുക്കളുടെ ഹൃദയ, കേൾവി പരിശോധനകൾ, ജനിതകപരമായ രോഗങ്ങൾ കണ്ടെത്തൽ, ജനന വൈകല്യങ്ങൾ, ന്യൂറോ ഡവലപ്മെന്റൽ, ഫങ്ഷനൽ സ്ക്രീനിങ് തുടങ്ങിയ പരിശോധനകൾ നടത്താനുള്ള ഒഎഇ (ഓട്ടോ അക്വസ്റ്റിക് എമിഷൻ) യന്ത്രവുമുണ്ട്. ശലഭം എന്ന പദ്ധതിയിലെ ന്യൂ ബോൺ സ്ക്രീനിങ് സൗകര്യമാണ് ഇവിടെ ലഭിക്കുന്നത്. ജനിച്ചു ദിവസങ്ങൾക്കുള്ളിൽതന്നെ കുട്ടികളിലെ ശാരീരിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ കഴിയുമെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവൽ പറയുന്നത്.