മികച്ച പോഷക ഗുണങ്ങളുള്ള എല്ലാവര്‍ക്കും വേഗത്തില്‍ ലഭിക്കാവുന്ന പഴമെന്ന നിലയില്‍ പേരക്ക വളരെ ജനപ്രിയമാണ്. ഫൈബര്‍, കുറഞ്ഞ ഗ്ലൈസെമിക് മൂല്യം, ധാരാളം വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുള്ള പേരക്ക ശരീരഭാരം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വേറെയും നിരവധി പോഷകഗുണങ്ങള്‍ പേരക്കയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പേരമരത്തിന്റെ ഇലകളും നിരവധി ഗുണങ്ങളുള്ളതാണ് എന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം. പേരയിലയ്ക്ക് ആരോഗ്യം, ചര്‍മ്മം, മുടി എന്നിവ സംരക്ഷിക്കാനുള്ള പോഷക ഗുണങ്ങള്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിന് പേരയില എങ്ങനെയൊക്കെയാണ് ഗുണപരമാകുന്നത് എന്ന് നമുക്ക് നോക്കാം. വിറ്റാമിന്‍ ബി, സി എന്നിവ ഈ ഇലകളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അവ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ കൊളാജന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. പേരയിലയ്ക്ക് മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും കഴിവുണ്ട്. തലയോട്ടിയിലെ അണുബാധ കുറയ്ക്കാനും ആരോഗ്യകരമായ മുടി നിലനിര്‍ത്താനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍, ആന്റിമൈക്രോബയല്‍ ഏജന്റുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ പ്രധാന ഉറവിടമാണ് പേരയില. പേരയില എങ്ങനെയൊക്കെയാണ് മുടി വളര്‍ച്ചയെ പോഷിപ്പിക്കുന്നത് എന്നല്ലേ. പേരയിലയിലെ വിറ്റാമിന്‍ സി കൊളാജന്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. ഇതില്‍ ലൈക്കോപീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ക്വെര്‍സെറ്റിന്‍ പോലുള്ള ഫ്‌ലേവനോയ്ഡുകളുടെയും വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പേരയില.
ഇത് നമ്മുടെ മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കുന്നു. പേരക്കയുടെ ഇലകളിലെ ആന്റിഓക്സിഡന്റ് മുടിയെ ഓക്സിഡേറ്റീവ് സ്‌ട്രെസ്, മറ്റ് പാരിസ്ഥിതിക ആക്രമണങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. തലയോട്ടിയിലെ അണുബാധ തടയാന്‍ പേരയിലയിലെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ സഹായിക്കും. വിറ്റാമിന്‍ സി വേരുകളെ ശക്തിപ്പെടുത്തി മുടി പൊട്ടാനുള്ള സാധ്യത കുറയ്ക്കും. രോമകൂപങ്ങള്‍ക്ക് ചുറ്റുമുള്ള അഴുക്കും താരനും നീക്കം ചെയ്യാനും ഇവക്ക് കഴിയും. മുടി വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ഇ അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ബയോട്ടിന്‍ എന്നിവയും ഇതിന് ആവശ്യമാണ്. ഈ അവശ്യവസ്തുക്കളാല്‍ സമ്പുഷ്ടമാണ് പേരയില. അമിതമായ സ്റ്റൈലിംഗ്, പ്രമേഹം, അല്ലെങ്കില്‍ ശക്തമായ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ മൂലമുള്ള മുടികൊഴിച്ചില്‍ ചികിത്സിക്കുന്നതിലും പേരയില നല്ലതാണ്.
പേരക്കയിലും ഇലയിലേത് പോലെ മുടി സംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങളുണ്ട്. വെളിച്ചെണ്ണയിലെ ആവശ്യ വിറ്റാമിനുകളും പ്രോട്ടീനുകളും ഫാറ്റി ആസിഡുകളും തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പേരക്കയില്‍ വിറ്റാമിന്‍ ബി ധാരാളമുണ്ട്. ഇതിലെ റൈബോഫ്‌ലേവിന്‍, നിയാസിന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പേരക്ക നീരും വെളിച്ചെണ്ണയും ചേര്‍ത്ത് തേക്കുന്നത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഇതിലേക്ക് അല്‍പം ഉള്ളിനീര് ചേര്‍ത്താല്‍ കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കും. ഉള്ളിയില്‍ സള്‍ഫര്‍ പുതിയ രോമകോശങ്ങള്‍ സൃഷ്ടിക്കുന്ന രോമകൂപങ്ങളെ പോഷിപ്പിക്കുന്നു. വെളിച്ചെണ്ണ, പേരക്ക നീര്, ഉള്ളി നീര് എന്നിവയുടെ സംയോജനം ശക്തമായ മുടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു