റിയാദ് : ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കേ തീർഥാടകരെല്ലാം മിനായിലെത്തി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ‘ദൈവത്തിൻറെ വിളിക്കുത്തരം നൽകുന്നു’ എന്ന് അർഥമുള്ള ‘ലബൈക്’ മന്ത്രങ്ങളുമായാണ് രണ്ട് ദശലക്ഷത്തോളം തീർഥാടകർ തൂവെള്ള വസ്ത്ര ധാരികളായി മിനായുടെ താഴ്വാരത്തിലെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ തന്നെ തീർഥാടകർ തമ്പുകളുടെ ഈ താഴ്വര ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. മഹാമാരിക്ക് ശേഷം എറ്റവും കൂടുതൽ തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജ് എന്ന പ്രത്യേകതയുണ്ട് ഇത്തവണ. 160ൽപരം രാജ്യങ്ങളിലെ മുസ്ലിംകളെ പ്രതിനിധീകരിച്ചാണ് ഈ തീർഥാടകലക്ഷങ്ങൾ ഹജ്ജിൽ പങ്കെടുക്കുന്നത്.
അറഫ സംഗമം ശനിയാഴ്ചയാണ്. ശനിയാഴ്ച ഉച്ചക്ക് മുമ്പായി മുഴുവൻ തീർഥാടകരും അറഫയിൽ എത്തും. രോഗികളായി ആശുപത്രികളിലുള്ളവരെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായി അറഫയിൽ എത്തിക്കും. മദീനയിൽ നിന്നുള്ള രോഗികളെ നേരത്തെ മക്കയിലെ ആശുപത്രികളിൽ എത്തിച്ചിരുന്നു. ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് അറഫയാണ്. അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം. പ്രവാചകെൻറ പ്രസംഗത്തെ ഓർമിപ്പിക്കുന്ന അറഫാ പ്രഭാഷണം ഉച്ച (ദുഹ്ർ) സമയത്താണ് നടക്കുന്നത്. സൗദിയിലെ മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ് അൽമുഹൈഖ്ലിയാണ് അറഫ സംഗമത്തിന് നേതൃത്വം നൽകുക. അറഫ പ്രഭാഷണം അദ്ദേഹം നിർവഹിക്കും. ഇത്തവണ 50 ലോകഭാഷകളിൽ അറഫ പ്രസംഗം മൊഴിമാറ്റപ്പെടും.
ഹജ്ജ് കർമങ്ങൾ ശേഷിക്കുന്ന നാലു ദിവസങ്ങളിലും തീർഥാടകരുടെ താമസം മിനായിലാണ്. ഹജ്ജ് സമയത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരിയായി അറിയപ്പെടുന്ന മിനാ താഴ്വാരം. കർമങ്ങളെല്ലാം അവസാനിക്കുന്ന ദുൽഹജ്ജ് 13 വരെയും ഈ താഴ്വാരം വിശ്വാസികളാൽ നിറഞ്ഞിരിക്കും. അന്തരീക്ഷം പ്രാർഥനാ മുഖരിതമാകും. മിനായിൽ വിപുലമായ താമസസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹജ് സർസിസ് കമ്പനികൾ മൂന്നുനേരം ഭക്ഷണം തയ്യാറാക്കി തീർഥാടകർക്ക് നൽകും. അതിനായി വിപുലമായ ബഹുനില അടുക്കള സൗകര്യവും മിനായിലെ ഓരോ തമ്പുകൾക്കിടയിലും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നെത്തിയ ഒന്നേമുക്കാൽ ലക്ഷം തീർഥാടകരും ഹജ്ജിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്ക് മിനായിൽ രണ്ട്, മൂന്ന്, നാല് സോണുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. 25,000ത്തോളമാണ് മലയാളി ഹാജിമാർ. തീർഥാടകർക്ക് സഹായവുമായി ‘ഇന്ത്യൻ പിലിഗ്രിം അസിസ്റ്റൻസ് സെൻറർ’ എന്ന പേരിൽ ഓഫീസും മിനായിൽ പ്രവർത്തിക്കുന്നുണ്ട്. ഒപ്പാം മെഡിക്കൽ ക്ലിനിക്കും ഇൻഫർമേഷൻ ഡെസ്കും പ്രവർത്തിക്കുന്നുണ്ട്.