റിയാദ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹജ് തീര്‍ഥാടനത്തിനു നിയന്ത്രണവുമായി സൗദി അറേബ്യ. ആഗോളതലത്തിലുള്ള തീര്‍ഥാടനം ഒഴിവാക്കാനാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ഈ വര്‍ഷത്തെ ഹജ് പരിമിതമായ അംഗങ്ങളില്‍ ഒതുക്കി നടത്താനാണ് സൗദി ഹജ് ഉംറ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സൗദിക്ക് പുറത്തുനിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിനു അനുമതിയില്ല.
സൗദിയിലുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും മാത്രമാണ് ഹജ്ജിന് അനുമതി. ഹജ്ജ് തീര്‍ഥാടനം പൂര്‍ണമായി ഒഴിവാക്കുമെന്ന പ്രചാരണങ്ങള്‍ക്ക് ഇതോടെ അവസാനമായി. ഹജ് തീര്‍ഥാടനം പൂര്‍ണമായും ഒഴിവാക്കുമെന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന് സൗദി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് താമസിക്കുന്ന വിവിധ ദേശങ്ങളിലുള്ള പരിമിതമായ അംഗങ്ങള്‍ക്ക് സാമൂഹിക അകലം പാലിച്ച് തീര്‍ഥാടനം നടത്താനുള്ള സൗകര്യം ഒരുക്കും. കൂട്ടംകൂടിയുള്ള പ്രാര്‍ത്ഥനകളും ആചാരങ്ങളും കോവിഡ് പകരാന്‍ കാരണമാകുമെന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രം തീര്‍ഥാടനം നടത്താനാണ് സൗദി തീരുമാനിച്ചത്.
സൗദിയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. കോവിഡ് ബാധിച്ച് 1,307 പേര്‍ക്കാണ് ഇതുവരെ സൗദിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യവ്യാപകമായി നടപ്പിലാക്കിയ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പിന്‍വലിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
നേരത്തെ കോവിഡ് ഭീതിയെ തുടര്‍ന്ന് ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സൗദിയിലെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഉംറ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മാര്‍ച്ച് നാലിനാണ് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കിയത്. വിദേശികള്‍ക്കുള്ള ഉംറ തീര്‍ഥാടനം റദ്ദാക്കിയതിനു പിന്നാലെയാണ് സൗദിയിലെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമുള്ള തീര്‍ഥാടനവും നിര്‍ത്തിവെച്ചത്. വിദേശത്തുനിന്ന് ഉംറ തീര്‍ഥാടനത്തിനായി സൗദിയിലെത്തിയ വിദേശികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സഹായം ചെയ്യുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.