തിരുവനന്തപുരം : ഹലാല്‍ മുദ്രയുള്ള സാധനങ്ങള്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കരുതെന്ന് തന്ത്രി മണ്ഡലം. ക്ഷേത്രങ്ങളിലെ ശുദ്ധിക്രിയകള്‍ ആഗമശാസ്ത്ര പ്രകാരം വിധിച്ചിട്ടുള്ളതാണ് വേണ്ടതെന്നും ബിസ്മി ചൊല്ലി ഊതിയല്ല ക്ഷേത്ര നെെവേദ്യത്തിനുള്ള സാധനങ്ങള്‍ ശുദ്ധമാക്കേണ്ടതെന്നും തന്ത്രി മണ്ഡലം അഭിപ്രായപ്പെട്ടു .
ഹലാല്‍ മുദ്രയുള്ള സാധനങ്ങള്‍ ശബരിമലയിലെന്നല്ല ഒരു ഹെെന്ദവ ആരാധനാലയങ്ങളിലും ഉപയോഗിക്കുവാന്‍ പാടില്ല എന്നും ഇതിനായി ക്ഷേത്ര ഭരണസമിതികള്‍ക്കും ഭക്തജനങ്ങള്‍ക്കും ആവശമായ ബോധവല്‍ക്കരണം നടത്തുന്നതിന് ക്യാംപെയിനുകള്‍ നടത്താന്‍ തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ദേവന് സമര്‍പ്പിയ്ക്കുന്ന സാധനങ്ങള്‍ ശുദ്ധി വരുത്തേണ്ടത് ഇതര മതസ്ഥരായ പുരോഹിതന്മാരല്ല.
ഇതിന് വിരുദ്ധമായി ഹലാല്‍ ശര്‍ക്കര വാങ്ങി ശബരിമലയില്‍ ഉപയോഗിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഇതിനിടയാക്കിയ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. സംസ്ഥാന നേതൃയോഗത്തില്‍ പ്രസിഡന്റ് വി.ആര്‍.നമ്പൂതിരി, വെെസ് പ്രസിഡന്റ് വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ പോറ്റി, ജോയിന്റ് സെക്രട്ടറി കൂടല്‍മന വിഷ്ണു നമ്പൂതിരി, ട്രഷറര്‍ പാല്‍കുളങ്ങര ഗണപതി പോറ്റി എന്നിവര്‍ പങ്കെടുത്തു .