കൊച്ചി: പാതിവില തട്ടിപ്പിൽ കേസുകളുടെ എണ്ണം കൂടിയതോടെ മുഖ്യപ്രതി അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തിരക്കിൽ പോലീസ്. 1350-ലധികം കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടുക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലെല്ലാം അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി അതത് കോടതികളിൽ ഹാജരാക്കേണ്ടതുണ്ട്. ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മൂവാറ്റുപുഴയിലായതിനാൽ അനന്തുവിനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തിരുന്നു. ഓരോ സ്റ്റേഷനിൽനിന്നും പോലീസ് ഉദ്യോഗസ്ഥരെത്തി മൂവാറ്റുപുഴ കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങുകയാണ് ഇപ്പോൾ. ഒട്ടുമിക്ക ദിവസങ്ങളിലും ഓരോ സ്റ്റേഷനുകളിലേക്കും കോടതികളിലേക്കും യാത്രയിലാണ് പ്രതി. കേസുകൾ 1350-തോളം രജിസ്റ്റർ ചെയ്‌തെങ്കിലും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് 650-ലധികം എണ്ണം മാത്രമേ കൈമാറിക്കിട്ടിയിട്ടുള്ളൂ.
അതിനിടെ കേസിൽ കൂട്ടുപ്രതിയായി എ.എൻ. ആനന്ദകുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാനായിട്ടില്ല. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ജയിലിൽ ചോദ്യം ചെയ്യാനാണ് നീക്കം. പാതിവിലയ്ക്കുള്ള സ്‌കൂട്ടർ, ലാപ്‌ടോപ്പ്, തയ്യൽമെഷീൻ പദ്ധതിയിൽ അപേക്ഷിച്ച് പണമടച്ചിട്ട് 40,000-ത്തിലധികം പേർ വഞ്ചിതരായെന്നാണ് അവസാന കണക്ക്. കേസുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ പരിശോധന ക്രൈംബ്രാഞ്ച് തുടരുകയാണ്. 50,000-ത്തിലധികം അപേക്ഷാ ഫോമുകൾ, അത്രതന്നെ ബാങ്ക് ഇടപാടിന്റെ കണക്കുകളുമടക്കം പാതിവിലത്തട്ടിപ്പിൽ പരിശോധിക്കേണ്ട രേഖകൾ നിരവധിയാണ്.