തൊടുപുഴ: പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തുകൃഷ്ണനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് തൊടുപുഴ സെഷൻസ് കോടതി. തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കസ്റ്റഡി. പോലീസും രാഷ്ട്രീയക്കാരും ഒത്തുകളിക്കുമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അനന്തുകൃഷ്ണൻ പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് പ്രതിയുടെ ആവശ്യം. ചില രാഷ്ട്രീയക്കാരുടെ പേരുകളും അനന്തു പരാമർശിച്ചിരുന്നു. കേസിൽ കെ.എൻ ആനന്ദകുമാർ കുടുങ്ങുമെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അനന്തു കോടതിയിൽ നിന്ന് ഇറങ്ങവേ മാധ്യമങ്ങളോട് പറഞ്ഞു. പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാനാണ് കെഎന്‍ ആനന്ദ കുമാര്‍.
മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ ചൊവ്വാഴ്ചയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വഴി നടത്തിയ തട്ടിപ്പിലൂടെ അനധികൃതമായി ധനം സമ്പാദിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. തട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെഎന്‍ ആനന്ദ് കുമാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രശ്‌നമുയര്‍ത്തി ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ജാമ്യാപേക്ഷ മെറിറ്റില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.