എറണാകുളം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്ക് ശനിയാഴ്ച (ഓഗസ്റ്റ് 13) തുടക്കമാകും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ ജില്ലയിലെ എല്ലാ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അഭ്യർത്ഥിച്ചു.ഇതിനായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കുടുംബശ്രീ വഴിയാണ് പതാകയുടെ നിര്‍മ്മാണം. സ്‌കൂളുകള്‍ വഴിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുമാണ് പതാകകള്‍ വിതരണം ചെയ്യുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കുടുംബശ്രീ വഴി നിർമിച്ച ഒന്നര ലക്ഷം പതാകകളുടെ വിതരണം ജില്ലയിൽ പൂർത്തിയായി. ആവശ്യപ്പെട്ട എണ്ണം അനുസരിച്ച് എ.ഡി.എസ്, സി.ഡി.എസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചു നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച്ച(ഓഗസ്റ്റ് 12 ) കുട്ടികൾ സ്കൂളുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോൾ പതാക കൊടുത്തു വിടാനാണ് ഉദ്ദേശിക്കുന്നത്. സ്കൂളിൽ പോകുന്ന കുട്ടികളില്ലാത്ത വീടുകളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയും പതാകകൾ എത്തിക്കും. ദേശീയ പതാകയോടുള്ള വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയപതാകയെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാകയുടെ അന്തസ് നിലനിര്‍ത്തുംവിധം ഫ്‌ളാഗ് കോഡ് പാലിച്ചുകൊണ്ടായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടത്. ഇതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകണമെന്ന് കളക്ടർ അഭ്യര്‍ത്ഥിക്കുന്നു.
വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ഈ മൂന്നു ദിവസം രാത്രി താഴ്ത്തേണ്ടതില്ല. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം.ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.
തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടെതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുതെന്നും ഫ്ളാഗ് കോഡിൽ പറയുന്നു.