മക്ക: ഹജ്ജ് തീർഥാടകരുടെ യാത്രക്ക് മക്ക-മദീന ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയെന്ന് സൗദി റെയിൽവേ കമ്പനി (എസ്.എ.ആർ) അറിയിച്ചു. തീർഥാടകർക്കായി 20 ലക്ഷം സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഹജ്ജ് സീസണിനെ അപേക്ഷിച്ച് നാല് ലക്ഷം സീറ്റുകൾ വർധിപ്പിച്ചു. ഇത് 25 ശതമാനം വർധനവാണ്. 35 ട്രെയിനുകൾ 4700 ട്രിപ്പുകൾ നടത്തും. ഓരോ ട്രെയിനിലും 417 പേർക്ക് സഞ്ചരിക്കാം. ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് 20 വരെയുള്ള (ഏപ്രിൽ 29 മുതൽ ജൂൺ 16 വരെ) കാലയളവിൽ സുരക്ഷ, കാര്യക്ഷമത, ഗുണനിലവാരം എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഹജ്ജ് തീർഥാടകർക്ക് ഏറ്റവും മികച്ച സേവനം ഒരുക്കുന്നതിനുള്ള സൗദി റെയിൽവേയുടെ സന്നദ്ധതയുടെയും സമഗ്രമായ തയാറെടുപ്പിന്റെയും ഫലമാണ് ഈ വർധനവെന്നും സൗദി റെയിൽവേ കമ്പനി പറഞ്ഞു.
മക്കക്കും മദീനക്കുമിടയിൽ 453 കിലോമീറ്റർ നീളമുള്ള പാതയിലൂടെ 35 ട്രെയിനുകൾ സർവിസ് നടത്തും. ഓരോന്നിലും 13 ബോഗികൾ വീതമുണ്ട്. മക്ക, മദീന, ജിദ്ദ മെയിൻ സ്റ്റേഷൻ (അൽ സുലൈമാനിയ), കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷൻ, കിങ് അബ്ദുൽ അസീസ് എയർപോർട്ട് സ്റ്റേഷൻ എന്നിവയുൾപ്പെടെ അഞ്ച് പ്രധാന സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. സൗദി റെയിൽവേ കമ്പനിയും നിരവധി ബന്ധപ്പെട്ട സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തോടെ തുടർച്ചയായി രണ്ടാം വർഷവും നടപ്പാക്കുന്ന ‘ബാഗേജില്ലാതെ ഹജ്ജ്’ സംരംഭം വിപുലപ്പെടുത്തുന്നതും ഈ വർഷത്തെ ഹജ്ജ് പദ്ധതിയിൽ ഉൾപ്പെടും. ഈ വർഷം പതിനായിരക്കണക്കിന് തീർഥാടകർക്ക് ഈ സംരംഭം പ്രയോജനപ്പെടും.
തീർഥാടകർക്ക് സ്വന്തം രാജ്യങ്ങളിൽനിന്ന് മക്കയിലേക്ക് സ്വകാര്യ ലഗേജുകൾ കൊണ്ടുപോകാതെ യാത്ര ചെയ്യാൻ കഴിയും. വിമാനത്താവളങ്ങളിൽ വെച്ച് അവരുടെ ബാഗേജുകൾ ശേഖരിച്ച് മക്കയിൽ അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതാണ് ഈ സംരംഭം. ഇതോടെ തീർഥാടകർക്ക് ഹറമൈൻ ഹൈ സ്പീഡ് റെയിൽ ശൃംഖല വഴി മക്കയിലേക്ക് യാതൊരു ബുദ്ധിമുട്ടും കാലതാമസവുമില്ലാതെ യാത്ര ചെയ്യാൻ കഴിയും. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണ് ഹറമൈൻ ഹൈ സ്പീഡ് ട്രെയിനുകൾ. പരിസ്ഥിതി സൗഹൃദപരവുമാണ്.