തിരുവനന്തപുരം: മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിദാസിന് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടര്‍ന്ന് മോചനം. ഹരിദാസൻ ചെന്നൈയിലെത്തി കുടുംബവുമായി ഫോണിൽ സംസാരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
മുടിവെട്ട് തൊഴിലാളിയായി മലേഷ്യയിൽ എത്തിയ ഹരിദാസിന് പിന്നീട് നേരിടേണ്ടി വന്ന ദുരവസ്ഥ അറിഞ്ഞ് ചെന്നിത്തല മലേഷ്യയിലെ ഇന്ത്യൻ എംബസ്സിയിലെ ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗുമായി ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോള്‍ മോചനം സാധ്യമായത്. മലേഷ്യയിലെ ഇന്ത്യൻ എംബസിയോട് പ്രത്യേക നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് – പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് തൊഴിലുടമയില്‍ നിന്നു ക്രൂര പീഡനത്തിനിരയായത്. മലേഷ്യയിലെ പെനാങ് സ്റ്റേറ്റിലാണ് ക്രൂരസംഭവം നടന്നത്. ഇയാളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ആലപ്പുഴ എസ്പിക്കും നോര്‍ക്കയിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
നാലു വര്‍ഷം മുന്‍പാണ് ബാര്‍ബര്‍ ജോലിക്കായി ഹരിദാസന്‍ മലേഷ്യയിലെത്തിയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ് ജോലി തരപ്പെടുത്തിയത്. ആറു മാസം കൂടുമ്പോള്‍ മാത്രമാണ് നാട്ടിലേക്ക് പണം അയച്ചിരുന്നത്. ഹരിദാസനെ വല്ലപ്പോഴും മാത്രമേ കുടുംബവുമായി സംസാരിക്കാന്‍ പോലും തൊഴില്‍ ഉടമ അനുവദിച്ചിരുന്നുള്ളു. ശമ്പളം കിട്ടുന്നില്ലെന്നും തൊഴില്‍ ഉടമ ക്രൂരപീഢനത്തിന് ഇരയാക്കുന്നതായും ഈയിടെ ഹരിദാസന്‍ ഭാര്യയെ അറിയിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ എട്ടുമാസത്തെ ശമ്പള കുടിശ്ശികക്കായി കാത്തിരിക്കുകയായിരുന്നു ഹരിദാസന്‍.
മലേഷ്യയില്‍ ഹരിദാസന്‍ ജോലി ചെയ്യുന്ന സ്ഥാപത്തിനു സമീപത്തുള്ള ഒരു തമിഴ്‌നാട് സ്വദേശിയുടെ ഫോണില്‍ നിന്നും ഞായറാഴ്ച ഭാര്യയെ വിളിച്ചു രക്ഷപെടുത്തണം എന്ന് മാത്രം പറഞ്ഞു കോള്‍ കട്ട് ചെയ്യുകയായിരുന്നു. ശേഷം ക്രൂരമായ പീഡനത്തിനിരയായ ഫോട്ടോയും അയാള്‍ നാട്ടിലേക്ക് അയച്ചു കൊടുത്തു. പിന്നീട് ആ നമ്പറിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ തൊഴിലുടമ മറ്റൊരു സ്ഥലത്തേക്ക് ഹരിദാസനെ കൊണ്ട് പോയി എന്നുള്ള വിവരമാണ് ലഭിച്ചത്.
ഫോണ്‍ വിളിക്കാനോ പുറത്തിറങ്ങാനോ തൊഴിലുടമ അനുവദിക്കാറില്ലെന്നും ഭാര്യ പറയുന്നു. പാസ്‌പോര്‍ട്ട് അടക്കം രേഖകളും തൊഴിലുടമയുടെ പക്കലാണ്. ഹരിദാസന്റെ കൂടെ ഉത്തര്‍പ്രദേശ് കാരനായ മറ്റൊരാള്‍ക്കും സമാന പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ അയാളെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ല.