ന്യൂഡൽഹി : കോൺഗ്രസ് നേതാവും പട്ടേൽ സമരനേതാവുമായ ഹർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ കിജ്ഞാളിന്റെ പരാതി. ജനുവരി 18 ന് ഹർദിക് പട്ടേലിനെ സംസ്ഥാന സർക്കാർ ജയിലിലടച്ചിരുന്നു. ജയിൽ മോചിതനായതിന് ശേഷം ജനുവരി 24 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ഭാര്യ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് തുടർച്ചയായി വീട്ടിൽ അന്വേഷണത്തിനെത്തുന്നുണ്ടെന്നും ഇവർ പറഞ്ഞു. ജനുവരി 24-ന് ജയില്‍ മോചിതനായ വിവരം ഹാര്‍ദിക് ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. “സ്വേച്ഛാധിപത്യത്തിന്റെ തടങ്കലില്‍ നിന്ന് പുറത്തിറങ്ങി. എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്?” എന്നായിരുന്നു ഹർദികിന്റെ ട്വീറ്റ്.
ഹർദിക് പട്ടേലിന്റെ തിരോധാനത്തിന് പിന്നിൽ സർക്കാരാണെന്ന് ഭാര്യ കിഞ്ജാൽ ആരോപിക്കുന്നു. തന്നെയും കുടുംബത്തെയും നിരന്തരമായി അവർ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. അസമയത്താണ് ഇവർ വീട്ടിൽ കയറിവരുന്നതെന്നും കിഞ്ജാൽ കുറ്റപ്പെടുത്തി. അദ്ദേഹത്തെ നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പുറത്തിറങ്ങിയാല്‍ ഉടനെ മറ്റേതെങ്കിലും കേസില്‍ ഉൾപ്പെടുത്തി ജയിലിലിടും. ഇത് ഉപദ്രവമല്ലെന്നാണോ നിങ്ങൾ കരുതുന്നത്? കിഞ്ജാൽ ചോദിക്കുന്നു. പട്ടേലിന്റെ തിരോധാനം സംസാരയോഗ്യമായ കാര്യമല്ലെന്നാണ് ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ പറയുന്നത്. അയാള്‍ ഒരു പരാമര്‍ശവും അര്‍ഹിക്കുന്നില്ലെന്നും അയാള്‍ക്ക് അതിനുള്ള വിലയില്ലെന്നുമാണ് ഝായുടെ പ്രതികരണം.
ഹർദിക് പട്ടേൽ എവിടെയാണ് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ സംഘടനാ നേതാക്കൾക്കും അറിവില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേ സമയം ഗുജറാത്ത് പോലീസ് അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും പട്ടേലിനെ നിരന്തരമായി കേസുകളില്‍ കുടുക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.