പത്തനംതിട്ട : ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച പച്ചത്തുരുത്തുകൾ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയായ ആഗോളതാപനം നിയന്ത്രിക്കുന്നതിനും കാർബൺസന്തുലിതാവസ്ഥ ഉറപ്പാക്കുന്നതും ലക്ഷ്യമാക്കി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചു മുതൽ വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങളും ഹരിത കേരളം മിഷൻ ആരംഭിക്കുന്നു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ, തരിശുരഹിത ഗ്രാമം, ഹരിതസമൃദ്ധി വാർഡ്/ ഗ്രാമം, ഹരിത സ്ഥാപനം, ഹരിത വിദ്യാലയം, ഹരിത ക്യാമ്പസ്, ദേവഹരിതം, സ്ഥാപനതല ജൈവകൃഷി, ജല ബജറ്റ്, സുരക്ഷിതമാക്കാം പശ്ചിമഘട്ടം-മാപ്പത്തോൺ, ഹരിത ടൂറിസം, നീരുറവ് പദ്ധതി, നീലക്കുറിഞ്ഞി – ജൈവ വൈവിദ്ധ്യ പഠനോത്സവം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് അതിൻ്റെ ഭാഗമായി ഹരിത കേരളം മിഷൻ ഏറ്റെടുത്തിട്ടുള്ളത്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവൽക്കരണ വിഭാഗം, വിവിധ സർക്കാർ വകുപ്പുകൾ, ബയോഡൈവേഴ്സിറ്റി ബോർഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകൾ തുടങ്ങി വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് പച്ചത്തുരുത്തു സ്ഥാപിക്കുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മിഷൻ നടത്തുന്നത്. ജില്ലയിൽ നിലവിലുള്ള നൂറോളം പച്ചത്തുരുത്തുകൾ കൂടാതെ 21 ഏക്കർ വിസ്തൃതി വരുന്ന 60 പച്ച തുരുത്തുകളാണ് ആണ് ജൂൺ 5 മുതൽ ജില്ലയിൽ സ്ഥാപിക്കുന്നത്. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി പച്ചതുരുത്തുകളുടെ വിസ്തൃതി ഒരു വർഷം കൊണ്ട് 50 ഏക്കർ ആയി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊതു സ്വകാര്യസ്ഥാപനങ്ങൾ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ഫലവൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ, മറ്റ് നാട്ടുസസ്യങ്ങൾ എന്നിവ നട്ടുവളർത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് പദ്ധതി വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10 30 ന് റാന്നി ഗ്രാമപഞ്ചായത്തിലെ പരമ്പരാഗത തിരുവാഭരണ പാതയിൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് റാന്നി എം എൽ എ പ്രമോദ് നാരായണൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ്, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. തിരുവാഭരണ പാതയോരം ജൈവവൈവിധ്യ സംരക്ഷണ മേഖലയാക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്.