ചെന്നീർക്കര : ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിനെ സമ്പൂർണ്ണ ശുചിത്വ വാർഡ് ആക്കി മാറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷൻ നേതൃത്വത്തിൽ ഗവൺമെന്റ് ഐറ്റിയിൽ ഇന്ന് ഹരിത സഭ സംഘടിപ്പിച്ചു. ഹരിത സഭയുടെ ഉദ്ഘാടനം ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി അനിൽ കുമാർ നിർവഹിച്ചു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് എത്തിച്ചേർന്ന 100 വിദ്യാർത്ഥികൾക്ക് മാലിന്യ പരിപാലനശീലത്തെക്കുറിച്ചും വിദ്യാർത്ഥികൾ ഏറ്റെടുക്കേണ്ട വിവിധ പ്രവർത്തനങ്ങളെ പറ്റിയും ഹരിത കേരളം ജില്ലാ കോർഡിനേറ്റർ വിശദീകരിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സെപ്തംബർ 9 തീയതി ക്യാമ്പസിലും ക്യാമ്പസിനോട് ചേർന്ന ഇടങ്ങളിലും ശുചീകരണം നടത്താൻ തീരുമാനിച്ചു.
കുട്ടികളുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച പേപ്പർ കവർ നിർമ്മാണം ആരംഭിക്കും. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി പന്ത്രണ്ടാം വാർഡിനെ ഫിലമെന്റ് രഹിത വാർഡ് ആക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ കുടുംബശ്രീ പ്രവർത്തകർക്ക് ഐറ്റിഐ നേതൃത്വത്തിൽ പരിശീലനം നൽകും. ഹരിത സഭയിൽ വൈസ് പ്രിൻസിപ്പൽ അന്നമ്മ വർഗീസ്,
എൻഎസ്എസ് കോർഡിനേറ്റർ ശ്രീരാജ്, പന്ത്രണ്ടാം വാർഡ് മെമ്പർ മധു എം ആർ, ഹരിത കേരളം മിഷൻ ആർപി ഗോകുൽ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.