പാലക്കാട് : പട്ടാമ്പിക്കടുത്ത് കൊപ്പത്ത് പട്ടിക്ക് തീറ്റ കൊടുക്കാത്തതിന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായി കൊല്ലപ്പെട്ട ഹർഷാദിന്‍റെ ബന്ധുക്കൾ. പ്രതി ഹക്കീം ലഹരിക്കടിമയാണ്. ഇക്കാര്യം ഇപ്പോഴാണ് അറിയുന്നത്. ഹർഷാദിനെ ഹക്കീം നേരത്തെയും മർദ്ദിച്ചിട്ടുണ്ട്. ഇക്കാര്യം ഹർഷാദ് പറഞ്ഞിരുന്നതായും മാതാപിതാക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഹർഷാദിനെ ഹക്കീം ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ഹക്കീം മുങ്ങി. ഉച്ചയോടെ ഹർഷാദിന്‍റെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം പരിശോധനയിൽ ഹർഷാദിന്‍റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണതുകൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി. പിന്നാലെ ഹക്കീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.