കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വയറിൽ കുടുങ്ങി അഞ്ച് വർഷം വേദന അനുഭവിച്ച സ്ത്രീക്ക് വീണ്ടും നീതി നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശം. ശാരീരിക അവശതകൾ ഉണ്ടെന്ന് അറിയിച്ചിട്ടും നേരിട്ട് എത്തണമെന്ന് അധികൃതർ അറിയിച്ചതായി അടിവാരം സ്വദേശി ഹർഷിന പറയുന്നു. മെഡിക്കൽ കോളേജിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു.
വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഹർഷീനക്ക് ഒന്നര മണിക്കൂർ യാത്ര ചെയ്താലേ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്താൻ കഴിയൂ. അതിനുള്ള ആരോഗ്യം തനിക്കില്ലെന്ന് അറിയിച്ചിട്ടും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ കടുത്ത നിലപാടിൽ തുടരുകയാണെന്നും ഹർഷീന പറയുന്നു.