കൊല്ലങ്കോട് : മഴക്ക് അൽപം ശമനമുണ്ടായപ്പോൾ ഈ സാഹചര്യം ഉപയോഗപ്പെടുത്തി കൊയ്ത് സജീവമാക്കി കർഷകർ. പത്ത് ദിവസത്തിലധികമായി ഇട വിടാതെയുള്ള മഴക്കിടയിൽ ചൊവ്വാഴ്ച രാവിലെ ആകാശം തെളിഞ്ഞതോടെ കൊയ്ത്തും മെതിയും വേഗത്തിലാക്കി. കൊയ്ത നെല്ല് ഉണക്കുന്ന ജോലികൾ തകൃതിയായി.
കൊയ്ത്തിന് പാകമായ പാടശേഖരങ്ങളിൽ കെട്ടിനിന്ന വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. പാടത്ത് കൊയ്ത്ത് യന്ത്രങ്ങളും ഇറങ്ങി. ബുധനാഴ്ചയോടെ മഴ ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായതിനെ തുടർന്ന് സാധ്യമാകുന്ന പ്രദേശങ്ങളിലെല്ലാം കൊയ്ത്ത് അതിവേഗം ചെയ്ത് തീർക്കുകയാണ്.