കോഴഞ്ചേരി : താന്‍ ഒരുപാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ വളരെ ആലോചിച്ചുമാത്രമേ തീരുമാനം എടുക്കൂവെന്നും പത്തനംതിട്ട ജില്ലയുടെ മുന്‍ യു.ഡി.എഫ് ചെയര്‍മാന്‍ വിക്ടര്‍ ടി.തോമസ് പറഞ്ഞു. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായുള്ള വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് ആലോചനകള്‍ ഒന്നും നടന്നിട്ടില്ലെന്നും വിക്ടര്‍ ടി.തോമസ് പത്തനംതിട്ട മീഡിയായോട് പറഞ്ഞു. ഇന്ന് ഉച്ചക്ക് 12.30 നാണ് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ താന്‍ രാജിക്കാര്യം പ്രഖ്യാപിച്ചത്. മിനിട്ടുകള്‍ക്കുള്ളില്‍ താന്‍ ബി.ജെ.പി നേതാക്കളുടെ കയ്യില്‍ നിന്നും അംഗത്വം സ്വീകരിച്ചുവെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ പമ്പാ ബോട്ട് റേസിന്റെ സുവനീര്‍ പ്രകാശന ചടങ്ങിന്റെ ഫോട്ടോയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഈ ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കെടുത്തിരുന്നു. തന്റെ രാഷ്ട്രീയ എതിരാളികളുടെ പ്രതികാര നടപടിയായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്നും വിക്ടര്‍ ടി.തോമസ് പറഞ്ഞു.
ഒരു പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ല. തനിക്ക് യു.ഡി.എഫില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് (ജോസഫ് ഗ്രൂപ്പ്) ല്‍ നിന്നും ഏറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നു. അവഗണന സഹിച്ചുകൊണ്ട് ഇനിയും തുടരാന്‍ സാധിക്കാത്തത് കൊണ്ടാണ് രാജിവെച്ചത്. ഏറെനാളായി ആലോചിച്ച് എടുത്ത തീരുമാനമാണ് രാജി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകുവാന്‍ വേണ്ടി പെട്ടെന്ന് രാജിവെച്ചതല്ല. മുമ്പോട്ടുള്ള ഓരോ തീരുമാനവും ആലോചിച്ചുമാത്രമേ ഉണ്ടാകൂ. താന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ അത് ജനങ്ങളെ യഥാസമയം അറിയിച്ചുകൊണ്ടായിരിക്കുമെന്നും വിക്ടര്‍ ടി.തോമസ് പത്തനംതിട്ട മീഡിയാക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.